ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം; 'വിമാനയാത്രയിൽ രണ്ട് സീറ്റുകൾ സൗജന്യമായി നൽകണം'

Tuesday 02 December 2025 4:47 PM IST

സാഗ്രെബ് (ക്രൊയേഷ്യ): ഭയം മനുഷ്യന്റെ സ്വാഭാവികമായ വികാരമാണ്. ജീവിതത്തിൽ പല കാര്യങ്ങളോടും നമുക്ക് ഭയം തോന്നാം. അത്തരത്തിൽ ഒന്നാണ് ഇടുങ്ങിയതും അടഞ്ഞതുമായ സ്ഥലങ്ങളോട് തോന്നുന്ന ഭയം. ക്ലോസ്‌ട്രോഫോബിയ എന്നാണ് ഈ ഭയം അറിയപ്പെടുന്നത്. ഇത്തരത്തിൽ ഒരു ഭയം ഉള്ളതിനാൽ ലിഫ്‌റ്റിൽ പോലും കയാറാത്ത ആളുകളുണ്ട്. ചിലർക്ക് അത്തരം അവസ്ഥകളിൽ ദേഹം തളരുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്യും.

എന്നാൽ, വിമാനയാത്രയിൽ ക്ലോസ്‌ട്രോഫോബിയ അനുഭവപ്പെടാതിരിക്കാൻ ഒരു യുവതി മുന്നോട്ട് വച്ച ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമാനയാത്രയിൽ തനിക്ക് അനുവദിച്ചിരിക്കുന്ന സീറ്റിനൊപ്പമുള്ള മറ്റ് രണ്ട് സീറ്റുകൾ കൂടി സൗജന്യമായി നൽകണമെന്ന് എയർലൈനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.

എയർലൈൻ പ്രതിനിധിയോട് ഫോണിൽ വിളിച്ച് തന്റെ ആവശ്യം പറയുന്നതിന്റെ വീഡിയോ അവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. എന്നാൽ സീറ്റുകൾ സൗജന്യമായി നൽകാൻ കഴിയില്ലെന്നും പണം അടച്ചാൽ മറ്റ് രണ്ട് സീറ്റുകൾ കൂടി നൽകാമെന്നുമായിരുന്നു എയർലൈൻ പ്രതിനിധികളുടെ മറുപടി. തന്റെ ആവശ്യം നിരസിക്കപ്പെട്ടെന്ന് മനസിലായപ്പോൾ യുവതി അവരോട് ദേഷ്യപ്പെടുന്നുണ്ട്. 'ഒരാൾക്ക് നിലക്കടല അലർജിയുണ്ടെങ്കിൽ മറ്റാർക്കും നിലക്കടല കഴിക്കാൻ അനുവാദമില്ല. പിന്നെ എന്തുകൊണ്ടാണ് എനിക്ക് മൂന്ന് സീറ്റുകൾ അനുവദിക്കാത്തത്?' യുവതി പ്രതിനിധികളോട് ചോദിച്ചു.ഗുരുതരമായ ആരോഗ്യസ്ഥിതി ആയിരുന്നിട്ടും എയർലൈൻ പ്രതിനിധികൾ തന്റെ ആവശ്യം നിരസിച്ചെന്നാണ് യുവതി പോസ്‌റ്റിന് താഴെ കുറിച്ചത്.