പാകിസ്ഥാന്റെ 'സഹായം' ഞങ്ങൾക്കു വേണ്ടെന്ന് ശ്രീലങ്ക; അയൽക്കാർ പിണങ്ങാൻ കാരണം ഇത്

Tuesday 02 December 2025 5:03 PM IST

കൊളംബോ: ശ്രീലങ്കയെ തകർത്ത ഡിറ്റ്‌വാ ചുഴലിക്കാറ്റ് കാരണം രാജ്യം ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ മാനുഷിക സഹായമെന്ന പേരിൽ പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാധനങ്ങൾ പഴകിയതാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലോകത്തിനു മുന്നിൽ പാകിസ്ഥാൻ വീണ്ടും നാണംകെട്ടിരിക്കുകയാണ്.

കൊളംബോയിലെ പാകിസ്ഥാൻ എംബസി തന്നെ ഈ സാധനങ്ങളുടെ ചിത്രം അടക്കം ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്‌. 'ശ്രീലങ്കയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരിമാരെയും സഹോദരങ്ങളെയും സഹായിക്കാൻ പാകിസ്ഥാനിൽ നിന്നും ദുരിതാശ്വാസ സഹായം എത്തിച്ചിരിക്കുന്നു, ഇത് നമ്മളെല്ലാവരും ഒന്നാണെന്ന് തെളിയിക്കുന്നതാണ്,' എന്നായിരുന്നു എംബസിയുടെ പോസ്റ്റ്.

എന്നാൽ, എംബസി തന്നെ പങ്കുവച്ച ചിത്രത്തിൽ ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതി വ്യക്തമായി കാണാമായിരുന്നു. 2022ൽ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് 2024 വരെയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ അയച്ച സാധനങ്ങൾക്ക് ഒരു വർഷത്തിലധികം കാലാവധിയാണ് കഴിഞ്ഞിരിക്കുന്നത്.

പാകിസ്ഥാൻ എന്നും എപ്പോഴും ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് എംബസിയുടെ പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും ഈയവസരത്തിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുമായാണ് പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കൊപ്പം നിന്നതെന്നാണ് ഉയർന്നു വരുന്ന വിമർശനങ്ങൾ.

പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വൻ വീഴ്ചയാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം ആരും പെട്ടെന്ന് ശ്രദ്ധിക്കില്ലെന്ന് അവർ കരുതിയിരിക്കാം. നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.