പുടിന്റെ വരവ് വെറുതെയല്ല, ഇന്ത്യയ്‌ക്ക് നൽകാൻ പോകുന്നത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്ന വജ്രായുധം

Tuesday 02 December 2025 5:52 PM IST

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 5-6 തീയതികളിൽ ഇന്ത്യ സന്ദർശിക്കുകയാണ്. പുടിന്റെ ഇത്തവണത്തെ വരവിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണകരമാകുന്ന പ്രതിരോധ ഇടപാടുകളും ഉണ്ടാകുമെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് മുന്നേറാനായത് പാക് ആയുധങ്ങളെ തകർത്തെറിഞ്ഞ ആയുധശേഖരങ്ങൾ കാരണമാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത് പാക് മിസൈലുകളെയും വിമാനങ്ങളെയും പാകിസ്ഥാനുള്ളിൽ തന്നെ തകർത്ത ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ്. റഷ്യൻ നിർമ്മിതമായ എസ്-400 ഓപ്പറേഷൻ സിന്ദൂറിൽ മികവോടെ പ്രവർത്തിച്ചത് ലോകശ്രദ്ധയെത്തന്നെ ആകർഷിച്ചിരുന്നു. 2018ലെ 5.43 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറനുസരിച്ച് അഞ്ച് റെജിമെന്റുകളാണ് ഇന്ത്യ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.

ഇതിന്റെ വിജയം ഇന്ത്യക്ക് നൽകിയത് വലിയ ആത്മവിശ്വാസമാണ്. എസ്-400 അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യ ഇതോടെ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്-400ന്16 ലോഞ്ചർ വാഹനങ്ങളുള്ള രണ്ട് ബാറ്ററികളടങ്ങുന്ന റെ‌ജിമെന്റ് ഇന്ത്യയ്‌ക്ക് സ്വന്തമായുണ്ട്. ഇതിനിടെ ഇന്ത്യയ്ക്ക് അതിലും മികച്ച ആയുധം നൽകാൻ തയ്യാറായിരിക്കുകയാണ് റഷ്യ. എസ്-400ന് ശേഷം അടുത്ത തലമുറ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-500. പുതുക്കിയ പതിപ്പേയല്ല എസ്-500. പകരം മറ്റൊരു പ്രതിരോധ സംവിധാനം തന്നെയാണ്.

എസ്-400 കരാറിൽ നിന്ന് വിഭിന്നമായി എസ്-500 ഇന്ത്യയുടെ കൂടി സഹകരണത്തിൽ നിർമ്മിക്കാനാകും സാദ്ധ്യത. റഷ്യൻ കമ്പനിയായ അൽമാസ് ആന്റേയോടൊപ്പം ഇന്ത്യൻ പ്രതിരോധ കമ്പനികൾ സഹകരിച്ചേക്കും. എസ്-400നെക്കാൾ കിടയറ്റതാണ് എസ്-500 എന്നതിന് സംശയമേയില്ല. 400 കിലോമീറ്റർ റെയ്‌ഞ്ചാണ് എസ്-400 നൽകുന്നതെങ്കിൽ 500 മുതൽ 600 കിലോമീറ്റർ വരെയാണ് എസ്-500ന്റെ റെയ്‌ഞ്ച്. എസ്-400ന് 30 കിലോമീറ്റർ ഉയരം വരെ പ്രതിരോധിക്കാനാകും എന്നാൽ എസ്-500ന് 180 മുതൽ 200 കിലോമീറ്റർ വരെ സാദ്ധ്യമാകും.

യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കുന്നവയാണ് എസ്-400. ഇവയ്‌ക്കെല്ലാം പുറമേ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പർസോണിക് ആയുധങ്ങൾ വരെ തകർക്കാൻ എസ്-500ന് കഴിയും. തന്ത്രപരവും പ്രവർത്തനപരവുമായ ഇടങ്ങളിൽ എസ്-400 ഉപയോഗിക്കും അതീവ തന്ത്രപരമായ ഇടങ്ങളിലാണ് എസ്-500ന് ഉപയോഗം. ഇന്ത്യ ഈ വജ്രായുധത്തെ സ്വന്തമാക്കുമോ എന്നത് വരുംദിവസങ്ങളിൽ വ്യക്തമാകും.