അപകടം ചുറ്റിക്കറങ്ങുന്നു

Wednesday 03 December 2025 12:27 AM IST

കടുത്തുരുത്തി : മിനുങ്ങി കിടക്കുന്ന കോട്ടയം - എറണാകുളം റോഡിലൂടെ മിന്നൽവേഗത്തിൽ വരുന്നവർ കാണക്കാരി മുതൽ കുറുപ്പന്തറ വരെ ഒന്ന് കരുതിയിരിക്കണം. ഒരുനിമിഷത്തെ അശ്രദ്ധമതി നിങ്ങളുടെ ജീവനെടുക്കാൻ. കഴിഞ്ഞ 5 വർഷത്തിനിടെ പത്തിലധികം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. എന്നിട്ടും പ്രഖ്യാപനത്തിനപ്പുറം വളവുകൾ നിവർത്താനോ,​ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനോ അധികൃതർ താത്പര്യം കാട്ടുന്നില്ല. റോഡ് ആധുനിക നിലവാരത്തിൽ പണിതതു മുതൽ അപകടങ്ങൾ തുടർക്കഥയാണ്. മാഞ്ഞൂർ പുളിന്തറ വളവ് നിവർത്തണമെന്നാവശ്യത്തിന് 25 വർഷം പഴക്കമുണ്ട്. ഇവിടെ 106 ലധികം അപകടങ്ങളാണ് നടന്നത്. ഈ വർഷം 60 ഓളം ചെറുതും വലുതുമായ അപകടങ്ങളും ഉണ്ടായി. ഇരുദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് പരസ്പരം കാണുന്നത്. പെട്ടെന്ന് അപകട മേഖലയല്ലെന്ന് തോന്നിപ്പിക്കുന്ന ഇതുവഴി അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കോതനല്ലൂർ ഇണ്ടിക്കുഴിയിൽ രണ്ടുകാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു.

മുന്നറിയിപ്പ് ബോർഡും, ഹമ്പുകളുമില്ല

മുന്നറിയിപ്പ് ബോർഡുകളും ഹമ്പുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്നാണ് ആക്ഷേപം. വേഗനിയന്ത്രണ സംവിധാനവുമില്ല. അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. പുളിന്തറ വളവ് വീശി വരുന്ന ഇരുചക്രവാഹനങ്ങൾ റോഡിന് മദ്ധ്യഭാഗത്തോട് ചേർന്ന് എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്. ആദ്യമായി ഇതുവഴി യാത്ര ചെയ്യുന്നവർ‌ക്ക് അപകടം പതിയിരിക്കുന്നത് തിരിച്ചറിയാനാകില്ല. വളവിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

സൂക്ഷിക്കണം ഇവിടെയും

ആപ്പാഞ്ചിറ പെട്രോൾ പമ്പ് വളവ്

കാണക്കാരി പള്ളി വളവ്

മാഞ്ഞൂർ സ്‌കൂൾ വളവ്

സിലോൺ കവല വളവ്

മുട്ടുചിറ ഇടുക്കമറ്റം വളവ്

വരിക്കാംകുന്ന് വളവ്‌

രാത്രിയിലും പുലർച്ചെയുമാണ് അപകടങ്ങൾ ഭൂരിഭാഗവും നടക്കുന്നത്. ആവശ്യത്തിന് വെളിച്ചവും ഇവിടെയില്ല. മഴയാണെങ്കിൽ വാഹനം നിയന്ത്രണം വിടാൻ സാദ്ധ്യതയേറെയാണ്. വഴിപരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. എത്രയും പെട്ടെന്ന് അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

ജോർജ്,​ ഓട്ടോ ഡ്രൈവർ