47 പന്തിൽ പുറത്താകാതെ 100, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ സിക്‌സും ഫോറും അടിച്ചുപറത്തി സർഫറാസ് ഖാൻ
ലക്‌നൗ: ദേശീയ ടീമിൽ നിന്നും ഏറെനാളായി പുറത്താണ് ബാറ്റർ സർഫറാസ് ഖാൻ. കഴിഞ്ഞവർഷം നവംബറിൽ ന്യൂസിലാന്റിനെതിരായ പരമ്പരയിലാണ് സർഫറാസ് ഒടുവിൽ കളിച്ചത്. ഇപ്പോഴിതാ തകർപ്പൻ ഫോമിലാണ് താനെന്ന് തെളിയിക്കുകയാണ് താരം. ലക്‌നൗവിൽ അസമിനെതിരെ നടന്ന സയ്യിദ് മുഷ്‌താഖ് അലി ട്രോഫി മത്സരത്തിൽ 47 പന്തുകളിൽ സെഞ്ച്വറി നേടി ഗംഭീര പ്രകടനമാണ് താരം നടത്തിയത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത മുംബയ്‌ക്കായി ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് സർഫറാസ് സെഞ്ച്വറി നേടിയത്. സെഞ്ച്വറി നേടിയ ശേഷം രോഷത്തോടെയായിരുന്നു സർഫറാസിന്റെ ആഘോഷം. കോച്ച് ഗൗതം ഗംഭീറിനെതിരെയുള്ള പ്രകടനമായാണ് ഇത് കണക്കാക്കുന്നു. വണ്ണം കുറച്ച് രണ്ട് വർഷത്തിന് ശേഷമാണ് സർഫറാസ് ട്വന്റി 20 കളിക്കുന്നത്.
സർഫറാസിന്റെ സെഞ്ച്വറി ബലത്തിൽ മുംബയ് നാല് വിക്കറ്റ് നഷ്‌ടത്തിൽ 220 റൺസ് നേടി. മുംബയ്‌ക്കായി രഹാനെ 42 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അസം ഇരുപതാം ഓവറിൽ 122 റൺസിന് ഓൾഔട്ടായി. മുംബയ് ജയം 98 റൺസിന്. മുംബയ്‌ക്കായി ശാർദ്ദുൽ ഠാക്കൂർ 23 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി. അസം നായകൻ റിയാൻ പരാഗ് പൂജ്യത്തിന് പുറത്തായി. സിബ്‌ശങ്കർ റോയ് 41 റൺസ് നേടി. ദക്ഷിണാഫ്രിക്കയോട് നാട്ടിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ ടെസ്റ്റിൽ സർഫറാസ് ഖാനെ തിരികെകൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് താരം സെഞ്ച്വറി നേടിയത്.