'യൂത്ത് വോട്ടിങ് ഫെസ്റ്റിവൽ ' സംഘടിപ്പിച്ചു
പീരുമേട്: ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി കുട്ടിക്കാനം മരിയൻ കോളേജിൽ 'യൂത്ത് വോട്ടിങ് ഫെസ്റ്റിവൽ' സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ അഷിത ചന്ദ്രൻ മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനത വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, ജനാധിപത്യ മൂല്യങ്ങൾ, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെ കുറിച്ചു ബോധവൽക്കരണ ക്ലാസുകൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നല്കി. കൂടാതെ വിവിധ കലാപരിപാടികൾ,റീൽസ് പ്രദർശനം, ഇൻട്രാക്ടീവ് സെക്ഷനുകൾ, നാടൻ കളികൾ, ക്വിസ് മത്സരം, ഹരിത തിരഞ്ഞെടുപ്പ് സിഗ്‌നേച്ചർ കാമ്പയിൻ തുടങ്ങിയ പരിപാടികളും നടന്നു.തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ ലീപ് നടത്തുന്ന ജില്ലയിലെ രണ്ടാമത് വോട്ടിങ് ഫെസ്റ്റിവൽ ആണിത്. പരിപാടിയിൽ ലീപ് ഇടുക്കി നോഡൽ ഓഫീസറും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ അനീസ് ജി, തദ്ദേശ വകുപ്പ് ഇടുക്കി അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ വാസു, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ ഫെസ്റ്റിവലിൽ പങ്കെടുത്തു.