ചക്കുളത്തുകാവ് പൊങ്കാല നാളെ

Wednesday 03 December 2025 1:38 AM IST

ആലപ്പുഴ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നാളെ നടക്കും. രാവിലെ ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കുശേഷം ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരപ്പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാലക്ക് തുടക്കം കുറിക്കും.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപം പ്രകാശനം നടത്തും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് സാംസ്കാരികസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കും.

വാർത്താസമ്മേളനത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, മീഡിയ കോഓർഡിനേറ്റർ അജിത്ത്‌കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.