കഥയുടെ സൂര്യ തേജസ്സിന് 96ാം പിറന്നാൾ മധുരം
കണ്ണൂർ: ഒരിക്കലും വാക്കുകളെ ധൂർത്തടിക്കാതെ, സ്വന്തം ശൈലിയിൽ മാത്രം എഴുതി, മലയാള ചെറുകഥയ്ക്ക് പ്രമുഖസ്ഥാനം നേടിക്കൊടുത്ത കഥാകാരൻ ടി. പത്മനാഭൻ 96-ാം വയസിലേക്ക്. കഥാസാഹിത്യത്തിൽ സാമൂഹികപ്രതിബദ്ധത വന്നു, ആധുനികം വന്നു, അത്യന്താധുനികം വന്നു - ഒന്നിലും ഇടപെടാതെ, ഹൃദയം കീഴടക്കുന്ന എഴുത്തിലൂടെ സ്വയം സന്തോഷം അനുഭവിച്ച, ആ സന്തോഷം വായനക്കാരിലേക്കു പകർന്ന എഴുത്തുകാരൻ ഇപ്പോഴും വായനയിലും എഴുത്തിലും സജീവമാണ്. മനസ്സിലാണ് ആദ്യം കഥയെഴുതുന്നത്. കടലാസിൽ പകർത്തിയെഴുതുമ്പോൾ അതുകൊണ്ട് വലിയ വെട്ടും തിരുത്തും വരുത്തേണ്ടിവരാറില്ല. ഈയൊരു കാരണംകൊണ്ടാണ് തനിക്ക് നോവൽ എഴുതാൻകഴിയാത്തത്. പരമാവധി മൂന്നുപേജുവരുന്ന കഥയേ ഇങ്ങനെ മനസ്സിലെഴുതാൻ കഴിയൂ, അദ്ദേഹം പറയാറുണ്ട്. രചനകൾ സംക്ഷിപ്തമാക്കി എഴുതണമെന്ന് പ്രേരിപ്പിച്ച ഘടകം കുമാരനാശാന്റെ കവിതകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും സ്വാധീനിച്ച കവിയായ ആശാൻ ഒരിക്കലും വാക്കുകളെ ധൂർത്തടിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ''അമ്മയുണ്ടായിരുന്നപ്പോൾ പിറന്നാളിന് വീട്ടിൽ ഒരുനേരം സദ്യയൊരുക്കുമായിരുന്നു, ടി. പത്മനാഭൻ ഓർക്കുന്നു. അമ്മയുടെ വേർപാടിനുശേഷം ജ്യേഷ്ഠത്തി അനാഥാലയത്തിൽ സദ്യ നൽകുകയോ ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിക്കുകയോ ചെയ്യുമായിരുന്നു. ജ്യേഷ്ഠത്തിയുടെ നിര്യാണശേഷം അതും നിന്നു''- ടി.പത്മനാഭൻ കേരള കൗമുദിയോട് പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി പോത്താംകണ്ടം ആനന്ദഭവനിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് പിറന്നാളാഘോഷം സംഘടിപ്പിക്കുന്നത്. സ്വാമിയും ഞാനും നല്ല ബന്ധമാണ്. പോത്താംകണ്ടം ആനന്ദഭവനത്തില്‍ സ്വാമി സ്വമേധയാ താത്പര്യമെടുത്താണ് ആഘോഷിക്കുന്നത്. ഞാനും അതില്‍ പങ്കുചേരുന്നു,- ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വാമി ആഘോഷം സംഘടിപ്പിക്കുമെന്നും പടുകൂറ്റന്‍ ആനയെയടക്കം കൊണ്ടുവരും.. മുമ്പ് രാത്രിയോളം പരിപാടികളുണ്ടാകും. ഇപ്പോള്‍ അങ്ങിനെ അവിടെ സമയം ചെലവഴിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. ഉച്ചയ്ക്ക് സദ്യ കഴിച്ച് മടങ്ങിവരും,- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദഭവനില്‍ രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികൾക്കൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഋഷിരാജ് സിംഗ്, രാജു നാരായണസ്വാമി, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപോലീത്ത, ചലച്ചിത്ര സംവിധായകന്‍ ജയരാജ്, അഡ്വക്കറ്റ് എം. സ്വരാജ്, എം.എല്‍.എ ടി.ഐ. മധുസൂദനന്‍, മുഹമ്മദ് അനീസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടി. പത്മനാഭന്റെ ജന്മദിനസന്ദേശം.