അനൗൺസ്മെന്റ് പ്രചാരണം തുടങ്ങി: മൈക്ക് സാങ്ഷൻ ഫീസായി ഖജനാവിലേക്ക് ലക്ഷങ്ങൾ
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മൈക്ക് സാങ്ഷൻ ഫീസായി സർക്കാർ ഖജനാവിലേക്ക് എത്തുന്നത് ലക്ഷങ്ങൾ. ഒരു ദിവസം ഒരു വാഹനത്തിൽ അനൗൺസ്മെന്റിന് 750 രൂപയാണ് മൈക്ക് സാങ്ഷൻ ഫീസ്. ഇങ്ങനെ കുറഞ്ഞത് ഒന്നരക്കോടിയെങ്കിലും വരുന്ന ഒരാഴ്ചയ്ക്കിടയിൽ ജില്ലയിൽ നിന്ന് മാത്രം സർക്കാർ ഖജനാവിലെത്തും.
ഒരു സ്ഥാനാർത്ഥിക്ക് പരമാവധി അഞ്ച് ദിവസമേ മൈക്ക് അനൗൺസ്‌മെന്റിന് അനുമതി നൽകാവൂയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ജനങ്ങളെല്ലാം വീട്ടിലുള്ള ദിവസമെന്ന നിലയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച എല്ലാ മുന്നണികളും അനൗൺസ്മെന്റ് പ്രചാരണം നടത്തിയിരുന്നു. നാളെ മുതൽ കൂടുതൽ അനൗൺസ്മെന്റ് വാഹനങ്ങൾ നിരത്തിലിറങ്ങും. കൂടുതൽ വാശിയേറിയ പോരാട്ടം നടക്കുന്ന കോർപ്പറേഷനിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും മൂന്ന് മുന്നണി സ്ഥാനാർത്ഥികളും അനൗൺസ്മെന്റ് പ്രചാരണം നടത്തും. കോർപ്പറേഷനിൽ അവസാന രണ്ട് ദിവസം രണ്ട് വാഹനങ്ങൾ വീതം ഇറക്കാനാണ് ഭൂരിഭാഗം മുന്നണി സ്ഥാനാർത്ഥികളുടെയും ആലോചന. ഇങ്ങനെ കോർപ്പറേഷനിലെ 56 ഡിവിഷനുകളിലെയും മൂന്ന് സ്ഥാനാർത്ഥികൾ ആകെ ആറ് മൈക്ക് സാങ്ഷൻ വീതം വാങ്ങിയാൽ ഫീസിനത്തിൽ സർക്കാർ ഖജനാവിലേക്ക് 7.56 ലക്ഷം രൂപയെത്തും.
മൂന്ന് മുന്നണികളുടെയും ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ മൂന്ന് ദിവസം ഓരോ വാഹനം ഉപയോഗിച്ച് അനൗൺസ്മെന്റ് നടത്തിയാൽ 88.67 ലക്ഷം രൂപ ഫീസായി ലഭിക്കും. മുനിസിപ്പൽ വാർഡുകളിൽ നിന്ന് 9.15 ലക്ഷം രൂപയും മുന്നണി സ്ഥാനാർത്ഥികളിൽ നിന്ന് മാത്രം ഫീസായി ലഭിക്കും. ഇതിന് പുറമേ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ മുന്നണി സ്ഥാനാർത്ഥികളും അനൗൺസ്മെന്റിനായി മൈക്ക് സാങ്ഷൻ വാങ്ങും.
മൈക്ക് സാങ്ഷൻ ഫീസ് ₹ 750 കോർപ്പറേഷൻ വാർഡുകൾ- 56 മുനിസിപ്പൽ വാർഡുകൾ- 135
പഞ്ചായത്ത് വാർഡുകൾ- 1314 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ- 166 ജില്ലാ പഞ്ചായത്ത് വാർഡുകൾ- 27