72 ലക്ഷവുമായി അന്തർ സംസ്ഥാന ബസിൽ രണ്ടുപേർ പിടിയിൽ
കോട്ടയം: രേഖകളില്ലാത്ത 72.25 ലക്ഷം രൂപയുമായി അന്തർസംസ്ഥാന ബസിൽ രണ്ട് ആന്ധ്രസ്വദേശികളെ എക്സൈസ് പിടികൂടി. ഷെയ്ഖ് ജാഫർ വാലി (59), രാജംപെട്ട ശഷവാലി (29) എന്നിവരാണ് പിടിയിലായത്. തുടർ അന്വേഷണത്തിനായി പണം ഉൾപ്പെടെ ആദായ നികുതി വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ 8.45 ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് വന്ന ജെ.എസ്.ആർ എന്ന അന്തർസംസ്ഥാന ബസിലെ യാത്രക്കാരെ ഓടെ കുറവിലങ്ങാട് വച്ച് പരിശോധിച്ചപ്പോഴാണ് ഇവരുടെ ജാക്കറ്റിൽ നിന്ന് പണം കണ്ടെത്തിയത്. ആദ്യം ബാഗിൽ പണം കണ്ടെത്തിയതോടെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ ശരീര പരിശോധനയിലാണ് ജാക്കറ്റിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച പണവും കണ്ടെടുത്തത്. കോട്ടയത്തുനിന്ന് സ്വർണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് മൊഴിയെങ്കിലും വിശ്വാസത്തിൽ എടുത്തിട്ടില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, പ്രിവന്റീവ് ഓഫീസർ തോമസ് ചെറിയാൻ സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ നാരായണൻ വനിത സിവിൽ എക്‌സൈസ് ഓഫീസർ മനീഷ കെ.ആർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.