ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ മംഗലാപുരത്ത് മഹാസമ്മേളനം ഇന്ന്
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതാസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ശിവഗിരി മഠത്തിന്റെയും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മംഗലാപുരത്ത് ഇന്ന് രാവിലെ 9ന് നടക്കുന്ന ശതാബ്‌ദി മഹാസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു.ടി. ഖാദർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സന്ദേശം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സർവ്വമത സമ്മേളന ശതാബ്ദി സന്ദേശം സ്വാമി ഋതംഭരാനന്ദയും ഗാന്ധി -ഗുരുദേവ സമാഗമ സന്ദേശം കെ. സി. വേണുഗോപാൽ എം.പി യും നൽകും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അടൂർ പ്രകാശ് എം.പി, സമീർ അഹമ്മദ് ഖാൻ, ദിനേശ് ഗുണ്ടുറാവു, പി.വി. മോഹൻ, ഗോകുലം ഗോപാലൻ, എ.വി.അനൂപ്, ബാബുരാജ് (ബഹ്റിൻ) , ഡോ. ബിജു രമേശ്, അബ്ദുൽ ഹക്കീം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എൽ.ധർമ്മ തുടങ്ങിയവർ പങ്കെടുക്കും.
ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാമി വിഖ്യാതാനന്ദ, കമ്മിറ്റി ചെയർമാൻ കെ.വി.ഹരിപ്രസാദ്, കൺവീനർ പി.വി. മോഹനൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ ഉൾപ്പെടെ നിരവധി സന്യാസി ശ്രേഷ്ഠരും
കർണാടകം, കേരളം, തമിഴ്നാട്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 25,000ത്തിൽപ്പരം പേരും സമ്മേളനത്തിൽ പങ്കെടുക്കും.