തലസ്ഥാനത്ത് നാവികസേനാ താവളം; നിർമ്മാണം ഉടൻ നാലേക്കർ ഏറ്റെടുത്തെന്ന് സമീർ സക്സേന
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാവികസേനാ താവളം സ്ഥാപിക്കാനായി നാലേക്കർ ഭൂമിയേറ്രെടുത്തെന്ന് ദക്ഷിണ നാവിക കമാൻഡിന്റെ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ സമീർ സക്സേന. നിർമ്മാണം ഉടൻ തുടങ്ങും. വിശദ പദ്ധതിരേഖ തയ്യാറായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പണികൾ തുടങ്ങി. വിഴിഞ്ഞം തുറമുഖമടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുള്ളതിനാലാണ് തിരുവനന്തപുരത്ത് നാവികസേനാ ബേസ് ആരംഭിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുട്ടത്തറയിലാണ് സ്ഥാപിക്കുന്നത്.
മൂന്നു സേനകളും ചേർന്നുള്ള സംയുക്തസേനാ കമാൻഡിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേനാഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിച്ച് പരിശീലനം നൽകുന്നുണ്ട്. ഭാവിയിലെ യുദ്ധങ്ങൾ സേനകൾ ഒരുമിച്ചായിരിക്കും നടത്തുക. കസ്റ്റംസ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവ ചേർന്നുള്ള കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻ സെന്റർ കടലിലൂടെയുള്ള ലഹരിക്കടത്ത് തടയാൻ നടപടികളെടുക്കുന്നുണ്ട്. ലക്ഷദ്വീപിൽ നാവികസേനയുടെ സാന്നിദ്ധ്യം കൂട്ടും. മിസൈൽ ട്രാക്കിംഗ് സംവിധാനമുള്ള കപ്പലുകളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.
കടൽക്കൊള്ളക്കാരെ തുരത്താൻ 35കപ്പലുകളാണ് വിന്യസിച്ചിട്ടുള്ളത്. ആയിരത്തിലേറെ ഓപ്പറേഷനുകളിലായി 520ജീവനുകൾ രക്ഷിച്ചു. നാവികസേനാ ഉദ്യോഗസ്ഥർക്കായുള്ള കോഴ്സുകളുടെ സിലബസുണ്ടാക്കുന്നതും പരിശീലനം നൽകുന്നതുമെല്ലാം കൊച്ചിയിലാണ്.
രണ്ടാം തദ്ദേശ വിമാന
വാഹിനിക്കപ്പൽ
138 പടക്കപ്പലുകളും അന്തർവാഹിനികളും 264 വിമാനങ്ങളുമാണ് നാവികസേനയ്ക്കുള്ളതെന്ന് സമീർ സക്സേന. ഇന്ത്യയുടെ രണ്ടാം തദ്ദേശ വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാനായി ചർച്ചകൾ തുടങ്ങി. നാവികസേനയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെയാവും നിർമ്മിക്കുക 51കപ്പലുകളും അന്തർവാഹിനികളുടെയും നിർമ്മാണം പുരോഗമിക്കുന്നു. 65 കപ്പലുകൾ, 9 അന്തർവാഹിനികളും കൂടി ആവശ്യമാണ്. നിർമ്മാണം ഉടൻ തുടങ്ങും
ഓരോ 40 ദിവസത്തിലും ഒരു പടക്കപ്പൽ നിർമ്മിക്കുകയാണ് ലക്ഷ്യം. 19 കപ്പൽശാലകളിലാണ് നാവികസേനയ്ക്കായി കപ്പലുകൾ നിർമ്മിക്കുന്നത്
'ചൈന ഭീഷണിയല്ല,
നീക്കങ്ങൾ അറിയാം'
ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ചൈന നിരീക്ഷണം ശക്തമാക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയല്ല. ചൈനയുടെ നീക്കങ്ങളെല്ലാം നമുക്ക് കൃത്യമായറിയാം. എന്നാൽ ചൈനയുടെ നീക്കങ്ങൾ സുതാര്യമല്ല. ഇന്ത്യൻമഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിൽ ചൈന സ്വാധീനം കൂട്ടുന്നുണ്ട്. ചൈനയ്ക്കുമേൽ എപ്പോഴും നമ്മുടെ കണ്ണുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നായകത്വം ഇന്ത്യയ്ക്ക് തന്നെയാണ്. ചൈനയുടെ ചാരക്കപ്പൽ ഇടയ്ക്കിടെ ശ്രീലങ്കയിലെത്തുന്നതും ഇന്ത്യയ്ക്ക് ഭീഷണിയല്ല. അവർ എന്തൊക്കെ ചെയ്യുന്നെന്ന് നമുക്ക് കൃത്യമായറിയാം. ഭീഷണികളെ നേരിടാൻ നാവികസേന സുസജ്ജമാണെന്നും സമീർ സക്സേന പറഞ്ഞു.