ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർത്ഥി രാഹുൽ അറസ്റ്റിൽ
കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുന്നതിനിടെയാണ് കുമ്മനം പുത്തൻപറമ്പിൽ രാഹുലിന് ( 38) മോഹം, സ്ഥാനാർത്ഥിയാകാൻ. സ്വതന്ത്രനായി മത്സരിക്കാൻ പത്രികയും നൽകി പ്രചരണവും തുടങ്ങി. സംഭവം അറിഞ്ഞ പൊലീസ് കൈയോടെ പിടികൂടി. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാംവാർഡിലാണ് രാഹുൽ മത്സരിക്കാനിറങ്ങിയത്. 2020ലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തായ അനന്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടിൽ പാർപ്പിച്ചു. ഇതോടെ രാഹുലും പ്രതിയായി. കോടതിയിൽ നിന്ന് ജാമ്യമെടുത്തു മുങ്ങിയ രാഹുൽ പൊങ്ങിയത് ഇപ്പോഴാണ്. ഇതിനിടെയാണ് ലോംപെൻഡിംഗ് കേസുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശം. കേസിന്റെ വിശദാംശങ്ങളടക്കം പത്രികയിൽ കൊടുത്ത രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികം മെനക്കടേണ്ടി വന്നില്ല. അനന്തു സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണ്.