അംഗീകൃത തൊഴിലാളി സംഘടന ഇല്ലാതെ കെ.എസ്.ആർ.ടി.സി
□ഹിത പരിശോധന നടന്നിട്ട് രണ്ട് വർഷം
തിരുവനന്തപുരം:ഹിത പരിശോധന ( റഫറണ്ടം) നടക്കാത്തതിനാൽ കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ അംഗീകൃത തൊഴിലാളി സംഘടനയില്ല.നേരത്തെ നടന്ന റഫറണ്ടത്തിന്റെ കാലാവധി 2024 ജനുവരിയിൽ അവസാനിച്ചു. ഈ ഒരു മാസം കൂടി കഴിയുമ്പോൾ റഫറണ്ടമില്ലാതായിട്ട് രണ്ടു വർഷമാകും.
മൂന്നു വർഷത്തേക്കാണ് ഹിത പരിശോധന . 2024 ജനുവരിയിൽ നടത്തേണ്ടതായിരുന്നു. പകരം അംഗീകൃത സംഘടനകളുടെ കാലാവധി ജൂലായ് 29 വരെ നീട്ടി.2024 നവംബറിൽ റിട്ടേണിംഗ് ഓഫീസറെ നിശ്ചിയിച്ചതാണ്. ഡിസംബർ അവസാന വാരമോ ജനുവരി ആദ്യമോ ഹിതപരിശോധന നടത്താനും ആലോചിച്ചിരുന്നു. പക്ഷെ, ഒന്നും സംഭവിച്ചില്ല. സംഘടനകൾ വിയോജിച്ചതോടെ ,കഴിഞ്ഞ മാർച്ച് 28 മുതൽ ഡോക്യുമെന്റ് പരിശോധന നടത്തുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടികൾ നിലച്ചു.15% വോട്ട് കിട്ടുന്ന സംഘടനയ്ക്കാണ് അംഗീകാരം .
മാനേജ്മെന്റിന്റെ
തന്നിഷ്ടം
അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത ശേഷമേ തൊഴിലാളികളെ സംബന്ധിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാവൂ. ഇപ്പോൾ മാനേജ്മെന്റ് തന്നിഷ്ട പ്രകാരം ഉത്തരവുകൾ ഇറക്കുകയാണെന്നാണ് പരാതി. അടുത്ത വർഷത്തെ അവധികൾ സംബന്ധിച്ച തീരുമാനം പോലും ഏകപക്ഷീയമായി കൈക്കൊണ്ടു. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സംഘടനകളുമായി കൂടിയാലോചനയില്ല.
''കാര്യങ്ങളൊക്കെ വകുപ്പ് മന്ത്രി തീരുമാനിക്കുന്നു. മാനേജ്മെന്റ് അത് നടപ്പിലാക്കുന്നു. . തൊഴിലാളികളെ കേൾക്കുന്നില്ല''-
-എം.ജി.രാഹുൽ,
ജനറൽ സെക്രട്ടറി,
കെ.എസ്.ടി.ഇ.യു