കടുവ സെൻസസ്: കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി
തിരുവനന്തപുരം: കടുവ സെൻസസിനിടെ ബോണക്കാട് വനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തുവച്ച് വഴി തെറ്റിയാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെ കാണാതായത്.
ഇവരുമായുള്ള ടെലഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പാലോട് റേഞ്ച് ഓഫീസർ അടക്കമുള്ളവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയോടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുകയായിരുന്നു.
ഡിസംബർ 1 മുതൽ ആരംഭിച്ച സെൻസസിന്റെ ഭാഗമായി കടുവകളുടെ കാൽപ്പാടുകൾ, ഭക്ഷ്യ അവശിഷ്ടങ്ങൾ എന്നിവ പരിശോധിക്കുന്നതിനായാണ് മൂവർ സംഘം ഉൾവനത്തിലേക്ക് കടന്നത്. വൈകിട്ടു വരെ മൊബൈൽ സിഗ്നൽ കിട്ടിയിരുന്നെങ്കിലും വൈകിട്ടോടെ വിച്ഛേദിക്കപ്പെട്ടു. വഴിതെറ്റി തമിഴ്നാട് അതിർത്തിയിലുള്ള പാണ്ടിപ്പത്തിന് അടുത്തുവരെ എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയിൽ അരുവിക്ക് അടുത്തുള്ള പാറപ്പുറത്ത് തീകൂട്ടിയതിനു ശേഷം കഴിച്ചു കൂട്ടി. പല വന്യജീവികളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ ആക്രമണമൊന്നുമുണ്ടായില്ല. രാവിലെ മൊബൈൽ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് പുറത്ത് കടക്കാനായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലോട് സ്റ്റേഷനിൽ നിന്നുള്ള തെരച്ചിൽ സംഘവും കാട്ടിലെത്തി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.
അതേസമയം, ഉൾവനത്തിൽ ഡ്യൂട്ടിക്ക് പോകുന്നവർക്ക് പോലും വോക്കിടോക്കി നൽകാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി.
ഫോട്ടോ:
വനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം സുരക്ഷിത സ്ഥലത്തെത്തിച്ചപ്പോൾ