അപകട മേഖലയായി സംസ്ഥാനപാതയിലെ മാളക്കുളം വളവ്, മരണക്കെണി ഒരുക്കുന്നത് സ്ലാബില്ലാത്ത കാനകൾ
മാള : കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ മാളക്കുളം ഭാഗത്തെ വളവ് അപകട മേഖലയാകുന്നു. റോഡരികിലെ കാനകൾക്ക് സ്ലാബില്ലാത്തതാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. റോഡിന് ഇരുവശവുമുള്ള ആഴം കൂടിയ കാനകൾക്ക് മൂടിയില്ലാത്തതിനാൽ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ അതിലേക്ക് തെന്നി വീഴുകയാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കുന്നത് പതിവായിരിക്കയാണ്. വെള്ളവരയോട് ചേർന്ന് നിർമ്മിച്ച ഈ കാനകൾക്ക് മൂടിയില്ലാത്തതിനാൽ ഏത് സമയത്തും വാഹനങ്ങൾ കൂപ്പുകുത്താനുള്ള സാദ്ധ്യതയുണ്ട്. പുൽക്കാടുകൾ നിറഞ്ഞ വളവായതിനാൽ യാത്രക്കാർക്ക് കാന കൃത്യമായി കാണാനും സാധിക്കുന്നില്ല. ടൂവീലർ യാത്രികർ മറ്റ് വാഹനങ്ങൾക്ക് ഓവർടേക്കിനായി റോഡരികിലേക്ക് ചേർന്ന് പോകുമ്പോൾ കാനയിൽ വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതിനകംതന്നെ ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയപ്പോൾ ഒരു വശത്തെ കാനയ്ക്ക് സമീപം ചില ഇരുമ്പ് കുറ്റികൾ സ്ഥാപിച്ചു. അവയിൽ പലതും ഇപ്പോഴെ ഊരിപ്പോയി. അരികിലുള്ള മാള അരവിന്ദൻ സ്മാരക മാളക്കുളം സായാഹ്ന പാർക്കിൽ വരുന്നവർ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടസാദ്ധ്യത കൂട്ടുന്നുണ്ട്. മാള മുതൽ അഷ്ടമിച്ചിറ വരെയുള്ള റോഡിന്റെ ഇരുഭാഗങ്ങളിലും പുൽക്കാട് വളർന്ന് നിൽക്കുന്നതു ഗതാഗതത്തിന് വലിയ ഭീഷണിയായി ഉയർത്തുന്നുണ്ട്. റോഡിന്റെ ഇരുവശത്തെയും കാനകൾക്ക് സ്ലാബിട്ട് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.