കാറിടിച്ച് യുവാവ് മരിച്ചു, ഡ്രൈവർക്കെതിരെ കേസ്
ഇലവുംതിട്ട :യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. കുഴിക്കുമോടിയിൽ അയത്തിൽ ഡാനി തോമസ് (26) ആണ് മരിച്ചത്. നവംബർ 29ന് രാത്രി 10.40നായിരുന്നു സംഭവം. തെക്കേമല ജംഗ്ഷനിൽ ബസിറങ്ങി കോഴഞ്ചേരിയിലേക്ക് നടക്കുകയായിരുന്ന ഡാനിയെ ടി.ബി ജംഗ്ഷനിൽ വച്ച് പിറകിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ ഉപേക്ഷിച്ച് അതിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. 15 മിനിറ്റിലേറെ സ്ഥലത്ത് കിടന്ന ഡാനിയെ അയ്യപ്പഭക്തർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാവിലെ നാല് മണിയോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ പരിക്കാണ് മരണകാരണം.അലക്ഷ്യമായി വാഹനമോടിച്ചതിന് പുറമറ്റം സ്വദേശിയായ ഡ്രൈവർ അലൻ ജോയ് മാത്യുവിനെതിരെ ആറൻമുള പൊലീസ് കേസെടുത്തു ജാമ്യത്തിൽ വിട്ടു.
ഡാനിയുടെ പിതാവ് സണ്ണി, മാതാവ് നാൻസി, സഹോദരൻ നിക്സൺ. കെ. തോമസ്.