18,000 കോടിയുടെ വമ്പന്‍ പദ്ധതി തമിഴ്‌നാട് കൊണ്ടുപോയി; തിരിച്ചടിയാകുന്നത് കേരളത്തിലെ ഈ ജില്ലയുടെ സ്വപ്‌നങ്ങള്‍ക്ക്

Monday 08 December 2025 10:38 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റേയും കേരളത്തിന്റേയും വികസനം അടുത്ത ലെവലിലേക്ക് എത്തിക്കാന്‍ പോകുന്നത് വിഴിഞ്ഞം ആയിരിക്കും. കാലങ്ങളായി കേള്‍ക്കുന്ന കാര്യമാണിത്. കൂറ്റന്‍ കപ്പലുകള്‍ വന്നിറങ്ങി റെക്കോഡിടുമ്പോഴും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ച വേഗതയില്ലെന്നതാണ് വാസ്തവം. വിഴിഞ്ഞത്ത് വമ്പന്‍ കപ്പലുകള്‍ വന്നണയുന്നതുകൊണ്ട് തന്നെ തലസ്ഥാന ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറില്‍ വമ്പന്‍ കപ്പല്‍നിര്‍മാണശാല ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുകയാണ്. സംസ്ഥാനത്തിന് തൊട്ടടുത്ത് മെഗാ കപ്പല്‍നിര്‍മാണശാല പണികഴിപ്പിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. 18,000 കോടി രൂപ ചെലവഴിച്ച് തൂത്തുക്കുടിയിലാണ് പദ്ധതി വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ദക്ഷിണ കൊറിയയിലെ എച്ച്.ഡി. ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ മെഗാ ഷിപ്പ്യാര്‍ഡ് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു.

ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. മധുരയില്‍ നടന്ന തമിഴ്നാട് നിക്ഷേപ സംഗമം 2025-ല്‍ വെച്ചാണ് നിര്‍ണായകമായ കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ എന്നിവരുടെ സാന്നിധ്യത്തില്‍ എച്ച്.ഡി. കൊറിയ ഷിപ്പ്ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റ് ഹന്നേ ചോയി കരാറില്‍ ഒപ്പുവെച്ചു.

ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെയും പരിഗണിച്ച ശേഷമാണ് ഹ്യുണ്ടായി തൂത്തുക്കുടി തിരഞ്ഞെടുത്തത്. കപ്പല്‍ നിര്‍മ്മാണത്തിന് അനുയോജ്യമായ തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലാളി ലഭ്യത, ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായിയുടെ ആസ്ഥാനമായ ഉള്‍സാനുമായി സമാനമായ കാലാവസ്ഥ എന്നിവയാണ് തൂത്തുകുടിയെ പരിഗണിക്കാനുള്ള കാരണം.