ഫേസ്ബുക്കിൽ മതസ്പർധ വളർത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

Wednesday 26 February 2020 12:47 PM IST

പാലക്കാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. അട്ടപ്പാടി സ്വദേശി ശ്രീജിത് രവിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ അഗളി പൊലീസ് കേസെടുത്തത്.

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.

സമൂഹത്തിലെ സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.