അംഗീകാര നിറവിൽ മറുത്തുകളി കുലപതി

Sunday 19 July 2020 12:13 AM IST
പി.പി. മാധവൻ പണിക്കർ

പിലിക്കോട്: കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഫോക്‌ലോർ അക്കാഡമി അംഗീകാരം നേടിയ പി.പി. മാധവൻ പണിക്കരെ നാട് ആദരിക്കാനൊരുങ്ങുന്നു. 2018-ലെ ഫോക്‌ലോർ അവാർഡാണ് പൂരക്കളി - മറുത്തുകളി രംഗത്തെ ഈ അതികായനെ തേടിയെത്തിയത്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കാവുകളിലും കഴകങ്ങളിലുമായി മറുത്തുകളിയിലെ വാക്യാർത്ഥസദസ്സിനെ തന്റെ പാണ്ഡിത്യം കൊണ്ട് സമ്പന്നമാക്കിയ ഈ സംസ്കൃതപണ്ഡിതന്, ക്ഷേത്രങ്ങൾ കൂടാതെ വിവിധ പൂരക്കളി സംഘടനകളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും ആദരവും അനുമോദനവും നൽകാൻ ഒരുങ്ങുകയാണ്.

പിതാവ് വയലിൽ കുഞ്ഞിരാമൻ പണിക്കർ, സാഹിത്യ ശിരോമണി പുത്തിലോട്ട് പി.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ ശിഷ്യത്വം ഈ അനുഷ്ഠാനകലയിൽ അഗ്രഗണ്യനാകാൻ ഇടയാക്കി. ആറര പതിറ്റാണ്ടുകളായി അനുഷ്ഠാന കലാരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച ഈ സംസ്കൃത പണ്ഡിതനെ ഇതിനകം നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

പതിനാറാം വയസ്സിൽ ചാത്തമത്തെ കുഞ്ഞിക്കോരൻ പണിക്കരുമായി പ്രഥമ മറുത്തുകളി, കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നു വീരശൃംഖല. 1988-ൽ സംഗീത നാടക അക്കാഡമി നാടൻ കലയ്ക്കുള്ള അവാർഡ്, 2005-ൽ കൊടക്കാട് കലാനികേതന്റെ മറുത്തുകളി ആചാര്യനുള്ള അവാർഡ്. ഫോക്‌ലോർ അക്കാ‌ഡമിയുടെ ഫെല്ലോഷിപ്പ്, 1989-ൽ കേരള സംഗീത നാടക അക്കാഡമി ജനറൽ കൗൺസിൽ അംഗത്വം.

നിലവിൽ മുപ്പതിലേറെ ശിഷ്യന്മാരുണ്ട് മാധവൻ പണിക്കർക്ക്. ഭാര്യ: ജാനകി. മക്കൾ: പത്മിനി, രമ, പ്രകാശൻ, പരേതനായ രാജൻ.