ബീഹാർ തിരഞ്ഞെടുപ്പ് മൂന്നു ഘട്ടം; ​ കുട്ടനാട്,​ ചവറ തീരുമാനം 29ന്

Saturday 26 September 2020 12:20 AM IST

ന്യൂഡൽഹി: ബീഹാറിൽ 243 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളിലായി (ഒക്ടോബർ 28, നവംബർ 3, 7 )​ വോട്ടെടുപ്പ് നടത്തും. നവംബർ 10ന് ഫലമറിയാം. കേരളത്തിലെ കുട്ടനാട്, ചവറ അടക്കം 64 അസംബ്ളി മണ്ഡലങ്ങളിലും ബീഹാറിലെ വാത്‌മീകി നഗർ ലോക്‌സഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് തീരുമാനിക്കാൻ സെപ്‌തംബർ 29ന് യോഗം ചേരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.

കൊവിഡ് കാരണം തിരക്കൊഴിവാക്കാൻ വോട്ടിംഗ് രാവിലെ ഏഴു മുതൽ ആറു വരെ ആയിരിക്കും. നിലവിൽ വൈകിട്ട് 5 വരെയാണ്. പത്രിക, സത്യവാങ്‌മൂലം ഓൺലൈനിൽ സമർപ്പിക്കാം. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാർ. കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും അവസാന മണിക്കൂറുകളിൽ ബൂത്തിലെത്തി വോട്ടു ചെയ്യാം. തപാൽ വോട്ടും ഉണ്ട്.

ഏഴ് ലക്ഷം സാനിറ്റൈസർ യൂണിറ്റുകളും 46 ലക്ഷം മാസ്‌കുകളും ആറുലക്ഷം പി.പി.ഇ കിറ്റുകളും 6.7 ലക്ഷം ഫേസ് ഷീൽഡുകളും 23ലക്ഷം ജോഡി കൈയുറകളും ശേഖരിച്ചെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും വോട്ടെടുപ്പെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നു. ബീഹാർ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന ഹർജി ഇന്നലെ സുപ്രീകോടതി തള്ളിയിരുന്നു.