തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണത്തിന് നാളെ തുടക്കം

Wednesday 11 November 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറക്കും. അതോടെ പത്രിക സമർപ്പണത്തിനും തുടക്കമാകും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 8,10,14 തീയതികളിലാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 16നും.

വരണാധികാരിക്കോ സഹ വരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. തിരക്ക് ഒഴിവാക്കുന്നതിന് സമയം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പത്രികകൾ സ്വീകരിക്കും. നവംബർ 19 ആണ് അവസാന തീയതി. 20ന് സൂക്ഷ്മ പരിശോധന ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിൽ. ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും ഏജന്റുമാർക്കും മാത്രം പ്രവേശനം. പരമാവധി 30 പേർക്ക്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 23.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി. നഗരസഭകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാവും.

പത്രിക നൽകുമ്പോൾ

* ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ ആളുകൾക്ക് പ്രവേശനം. 3 പേരിൽ കൂടാൻ പാടില്ല.

ഒരു വാഹനം മാത്രം.

* കൈകൾ സാനിറ്റൈസ് ചെയ്യണം,മാസ്ക് ധരിക്കണം. മുൻകൂർ സമയം ബുക്ക് ചെയ്യാം. *സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിൽ ഒടുക്കിയതിന്റെ രസീത് ഹാജരാക്കണം. *സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. * കണ്ടെയ്ൻമെന്റ് സോണുകളിലോ, ക്വാറന്റൈനിലോ ഉള്ളവർ മുൻകൂട്ടി അറിയിക്കണം

* സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കിൽ പത്രിക നിർദ്ദേശകൻ മുഖേന സമർപ്പിക്കാം.

കെട്ടിവയ്ക്കേണ്ട തുക

ഗ്രാമപഞ്ചായത്ത് -1000രൂപ

ബ്ളോക്ക് പഞ്ചായത്ത്,

മുനിസിപ്പാലിറ്റി - 2000രൂപ

ജില്ലാ പഞ്ചായത്ത്,

കോർപറേഷൻ -3000 രൂപ