ഓസ്കർ: പ്രാഥമിക ഘട്ടത്തിൽ 366 ചിത്രങ്ങൾ, അഭിമാനമായി സൂരറൈ പോട്ര്
വാഷിംഗ്ടൺ: ഈ വർഷത്തെ ഓസ്കറിൽ മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത് 336 സിനിമകൾ. 50 വർഷത്തിനിടെ ഇതാദ്യമായാണ് പ്രാഥമിക ഘട്ടത്തിൽ ഇത്രയധികം ചിത്രങ്ങൾ മത്സരിക്കുന്നത്. 1929 ൽ നടന്ന ആദ്യത്തെ ഓസ്കറിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി 1927- 28 വർഷങ്ങളിലെ 562 സിനിമകളാണ് പരിഗണിച്ചത്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ മത്സരിച്ചത് ആദ്യ ഓസ്കറിലാണ്. അതേസമയം, കൊവിഡ് മഹാമാരി മൂലം ഓസ്കർ പുരസ്കാരം മാറ്റിവച്ചേക്കുമെന്നാണ് റിപ്പോർട്ട്. സാധാരണഗതിയിൽ, ജൂറി അംഗങ്ങൾക്കായി ലോസ് ആഞ്ചെലെസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. നാളെ മുതൽ അമേരിക്കയിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് നോമിനേഷൻ പട്ടിക പുറത്തുവിടും.
അഭിമാനമായി സൂരറൈ പോട്ര്
ഓസ്കർ ജൂറി തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലൊന്ന് തമിഴ് ചിത്രമായ സൂരറൈ പോട്രാണ്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്‌കോർ എന്നീ വിഭാഗങ്ങളിലാണ് ജനറൽ കാറ്റഗറിയിലുള്ള ചിത്രം മത്സരിക്കുന്നത്. എയർ ഡെക്കാൻ വിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായ 'സൂരറൈ പോട്ര് സംവിധാനം ചെയ്തത് സുധ കൊങ്കരയാണ്. ഗോപിനാഥനായി എത്തിയത് സൂര്യയാണ്. മലയാളിയായ അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.