വാരിക്കുഴിയിൽ കൊല്ലപ്പെട്ടതാര്?
സസ്പെൻസ് ത്രില്ലറുകൾ സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടവയാണ്. കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയുള്ള ക്രൈം ത്രില്ലറുകൾ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. കൊല നടത്തിയ കുറ്റവാളിയെ കണ്ടെത്തുന്ന കഥകൾ സർവ്വസാധാരണമാണ്. എന്നാൽ കൊല്ലപ്പെട്ടതാര് എന്ന ചോദ്യം സിനിമയ്‌ക്ക് പുതുമ നൽകുന്നതാണ്.. രജീഷ് മിഥില സംവിധാനം ചെയ്‌ത് യുവനടൻ അമിത് ചക്കാലക്കൽ നായകനാകുന്ന 'വാരിക്കുഴിയിലെ കൊലപാതകം' അത്തരമൊരു കഥയാണ് പറയുന്നത്. ഇതിവൃത്തത്തിലെ പുതുമ പക്ഷേ ചിത്രത്തിലുടനീളം കാണാൻ കഴിയുന്നില്ല.
അച്ചൻ കലിപ്പാണ്
ഫാദർ വിൻസെന്റ് കൊമ്പന, അരയൻതുരുത്തിലെ വികാരിയാണ്. വെറും വികാരിയല്ല ഗുണ്ട വികാരി. ആ പ്രദേശത്തെ പ്രശ്‌നങ്ങൾ പൊലീസിനേക്കാൾ കൂടുതൽ കൊമ്പന അച്ചനാണ് ഇടപെട്ടു പരിഹരിക്കാറുള്ളത്. മിക്കപ്പോഴും ഉപദേശം വഴിയല്ല പരിഹാരം, നല്ല നാടൻ തല്ല് വഴിയാണ്. അങ്ങനെ നാട്ടുകാരുടെയെല്ലാം പ്രധാന കോടതിയും പൊലീസുമെല്ലാം കൊമ്പന തന്നെ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നാട്ടുകാരെ നന്നാക്കാൻ നടക്കുന്ന ഇദ്ദേഹം ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്. എന്നാൽ അത് മാത്രമായിരുന്നില്ല ഫാ. വിൻസെന്റ് കൊമ്പനയെ ഞെട്ടിച്ചത്. കൊലയാളിയായ സ്ഥലത്തെ പ്രമുഖൻ അതേ രാത്രി തന്നെ അച്ചന്റെ അടുത്ത് താൻ ചെയ്‌ത പ്രവൃത്തിയെ കുറിച്ച് കുമ്പസരിക്കാൻ എത്തുന്നു. കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല എന്ന വിശുദ്ധ നിയമം അയാളെ വെട്ടിലാക്കുന്നു. ഇവിടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. അവിടവിടെ ചെറിയ തമാശകളും ആ ഗ്രാമത്തിലെ പ്രണയവും കാര്യങ്ങളും പറഞ്ഞു നീങ്ങിയ സിനിമ ആദ്യ പകുതിയുടെ അവസാനത്തിലാണ് പ്രധാന കഥ പറഞ്ഞ് തുടങ്ങുന്നത്. രണ്ടാം പകുതിയിൽ ഫാ. വിൻസെന്റ് കൊല്ലപ്പെട്ട വ്യക്തിയെ കണ്ടെത്താനും കുമ്പസാര നിയമം ലംഘിക്കാതെ പ്രതിയെ നിയമത്തിന്റെ മുൻപിൽ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. തന്റെ ശ്രമങ്ങളെ തെല്ലും കൂസാതെ നടക്കുന്ന വില്ലനും വിൻസെന്റ് കൊമ്പനയും തമ്മിലുള്ള തന്ത്രങ്ങളുടെ പോരാണ് ചിത്രത്തിന്റെ ബാക്കിപത്രം.
ഇതിവൃത്തത്തിലെ പുതുമ ചിത്രത്തിന് എവിടെയോ നഷ്ടപ്പെടുന്നുണ്ട്. ഒറ്റവരിയിൽ കഥയെ കുറിച്ച് പറഞ്ഞാൽ ഇത് കൊള്ളാമല്ലോ എന്ന തോന്നുന്ന സിനിമയിൽ അതിന് ഉതകുന്ന പഞ്ച് കൊണ്ടുവരുന്നതിൽ സംവിധായകന് മുഴുവനായി വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ വലിയെ ഉദ്വേഗങ്ങളൊന്നുമില്ലാതെയാണ് 'വാരിക്കുഴിലെ കൊലപാതകത്തി'ന്റെ ദുരൂഹതയുടെ ചുരുളഴിയുന്നത്.
സിനിമയിലെ നായകനായ അമിത് ചക്കാലക്കൽ, മറ്റു പ്രമുഖ നടീനടന്മാരായ ദിലീഷ് പോത്തൻ, നെടുമുടി വേണു, ലെന, ഷമ്മി തിലകൻ, നന്ദു, സുധി കോപ്പ, ലാൽ തുടങ്ങിയവർ നല്ല പ്രകടനം നടത്തി. യുവനടൻ അമിത് നായകനാകുന്ന ആദ്യ സിനിമയാണിത്. നായകവേഷങ്ങൾ കൈകാര്യം ചെയ്യാൻ താൻ എന്ത് കൊണ്ടും യോഗ്യൻ തന്നെ എന്ന് അദ്ദേഹത്തിന് അവകാശപ്പെടാം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചേർത്തലയിലെ ചെറിയ ദ്വീപുകളിലായി നടത്തിയ ചിത്രീകരണം നന്നായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്, ഏറെ മിനുക്കുപ്പണികളില്ലാതെ. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. മെജോ ജോസഫ് എന്ന സംഗീത സംവിധായകന്റെ മികച്ച വർക്ക് കുറച്ചുകൂടി ചിത്രത്തിൽ ഉപയോഗിക്കേണ്ടതായിരുന്നു എന്ന തോന്നൽ പ്രേക്ഷകനിൽ ഉണ്ടായേക്കാം.
ജയസൂര്യ നായകനായ 'ലാൽ ബഹദൂർ ശാസ്ത്രി' എന്ന ചിത്രത്തിലൂടെയാണ് രജീഷ് മിഥില സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. നാല് വർഷത്തിനിപ്പുറമാണ് തന്റെ രണ്ടാം ചിത്രമായ 'വാരിക്കുഴിയിലെ കൊലപാതകം' ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെ. പുതുമ അവകാശപ്പെടാവുന്ന ത്രെഡ് തന്നെയായിരുന്നു ഇത്. എന്നാൽ പടം അവസാനിക്കുമ്പോൾ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത സിനിമ അനുഭവം. വലിയ താരമല്ലായിരുന്നിട്ട് കൂടി അമിതിനെ വച്ച് ഒരു ഗുണ്ടാ വികാരിയുടെ റോൾ സ്ക്രീനിൽ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് രജീഷിന്റെ സംവിധാനത്തിലെ മികവാണ്. 'വാരിക്കുഴിയിലെ കൊലപാതകം' നല്ലൊരു ശ്രമമാണ്. കണ്ടില്ല എങ്കിൽ നഷ്‌ടമാണ് എന്നോ കണ്ടു എങ്കിൽ നഷ്ടപ്പെട്ടു എന്നോ പറയാനാകാത്ത ഒരു ചിത്രം. വാൽക്കഷണം: കുറച്ചും കൂടി ത്രില്ലാവാമായിരുന്നു കേട്ടോ... റേറ്റിംഗ്: 2.5/5