കടൽക്ഷോഭം: വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ

Sunday 16 May 2021 12:10 AM IST

തിരുവനന്തപുരം: ശക്തമായ മഴയിലും കടൽക്ഷോഭത്തിലും വലിയതുറ കടൽപ്പാലത്തിൽ വിള്ളൽ. പാലത്തിന്റെ ഒരുഭാഗം താഴേക്ക് വളഞ്ഞു. അപകടസാദ്ധ്യത കണക്കിലെടുത്ത് പാലത്തിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. ഇന്നലെ പുലർച്ചെ 3.30ന് മത്സ്യത്തൊഴിലാളികളാണ് പാലത്തിൽ വിള്ളലും വളവും കണ്ടെത്തിയത്. തുടർന്ന് അധികൃതരെ അറിയിച്ചു.

കടൽക്ഷോഭത്തിൽ പില്ലറുകൾക്കടിയിലെ മണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് പാലത്തിന്റെ തുടക്കം കഴിഞ്ഞുള്ള ഭാഗം താഴേക്ക് വളഞ്ഞത്. നാല് പില്ലറുകൾക്ക് വലിയ വിള്ളലുമുണ്ട്. കുറച്ച് കാലം മുമ്പ് ലക്ഷങ്ങൾ മുടക്കി പുതുക്കി പണിതപ്പോൾ പാലത്തിലെ റെയിലുകൾ മാറ്റി ടാർ ചെയ്തിരുന്നു. സിമന്റ് ഉപയോഗിച്ച് കൈവരിയും കെട്ടി. ഇതുകാരണം ഭാരം കൂടിയതാകാം അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മൺസൂൺ ശക്തമാകുമ്പോൾ പാലത്തിന് കൂടുതൽ തകരാറുണ്ടാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.

 അറ്റകുറ്റപ്പണി തത്കാലമില്ല സബ് കളക്ടർ മാധവിക്കുട്ടി സ്ഥലത്തെത്തി. കൊവിഡ് സാഹചര്യത്തിൽ അറ്റകുറ്റപ്പണി ഉടൻ നടത്തുന്നതിൽ തടസമുണ്ടെന്നും കൂടുതൽ പരിശോധന നടത്തി പാലം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും സബ്‌കളക്ടർ പറഞ്ഞു. 1825ൽ പണിത വലിയതുറ പാലം 1956ലാണ് ഇന്നുള്ള രൂപത്തിൽ നിർമ്മിച്ചത്.