ശബരിമല വിഷയം മിണ്ടരുത്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്

Monday 11 March 2019 10:33 PM IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

മതപരമായ ചൂഷണത്തിലൂടെ വർഗീയത ഇളക്കി വിട്ട് വോട്ട് തേടുന്നത് ചട്ടലംഘനമായി കണക്കാക്കി നടപടിയെടുക്കും. ജാതി, മതസ്പർദ്ധ വളർത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടത്തിനെതിരാണ്. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കർശന നിർദ്ദേശം നൽകും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിത പ്രോട്ടോക്കോൾ കർശനമാക്കും. ഫ്ലക്സ് ഉപയോഗിക്കുന്നത് വിലക്കുന്നതടക്കം കർശന നിർദ്ദേശങ്ങൾ നൽകും. കേരളത്തിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചട്ടലംഘനം എവിടെയെങ്കിലും കണ്ടെത്തിയാൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു.

സി-വിജിൽ ആപ്പ്

പെരുമാറ്റച്ചട്ട ലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് സി-വിജിൽ ആപ്പ് മുഖേന കമ്മിഷനെ വിവരമറിയിക്കാം. രണ്ട് മിനിട്ട് വരെയുള്ള വീഡിയോ ഇതിൽ അപ്‌ലോഡ് ചെയ്യാം. ഫോൺ നമ്പർ നൽകിയാൽ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയിക്കും.18004251965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പർ.

വോട്ടർമാർ 2.54 കോടി

സംസ്ഥാനത്ത് മൊത്തം വോട്ടർമാർ : 2,54,08,711 .

പുരുഷൻ : 1,22,97,403

സ്ത്രീകൾ : 1,31,11,189

ട്രാൻസ്ജെൻഡർ : 119.

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ : 30,47,923.

ഏറ്റവും കുറവ് വയനാട്ടിൽ: 5,81,245.

ഏപ്രിൽ 8 വരെ പേരു ചേർക്കാം

ജനുവരി 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇതിന് ശേഷവും രണ്ട് ലക്ഷത്തോളം പുതിയ അപേക്ഷകൾ ലഭിച്ചു. ഏപ്രിൽ 8 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

ടോൾഫ്രീ നമ്പർ: 1950

വോട്ടർപട്ടികയിൽ പേര് വിട്ടുപോയാൽ 1950 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാം.