ക്യൂവിൽ 15,​344 കാർഡുകൾ; ഒളിച്ച് അനർഹർ

Friday 01 October 2021 12:02 AM IST

മലപ്പുറം: റേഷൻ കാർഡുകളിൽ അനർഹർ കയറിക്കൂടിയതോടെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ലഭിച്ച പതിനായിരത്തിലധികം അപേക്ഷകളിൽ തീർപ്പാക്കാനാവാതെ ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ്. ജില്ലയിൽ നിലവിൽ 15,​344 റേഷൻ കാർഡ് അപേക്ഷകളാണ് തീ‌ർപ്പാക്കാതെ കിടക്കുന്നത്. ഇതിൽ നല്ലൊരു പങ്കും മുൻഗണനാ കാർഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ളതാണ്. അർഹരായവരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെങ്കിൽ നിലവിൽ ലിസ്റ്റിൽ കയറിക്കൂടിയ അനർഹരെ കണ്ടെത്തി ഒഴിവാക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റേഷൻ വാങ്ങാത്ത 2,​336 കാർഡുകൾ അധികൃതർ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 136 കാർഡുകൾ എ.എ.ഐ വിഭാഗത്തിലുള്ളവയാണ്. തീർത്തും അശരണർക്ക് നൽകുന്ന കാർഡാണിത്. പി.എച്ച്.എച്ച് (ചുവപ്പ്)​ കാർഡ് - 1,​596,​ എൻ.പി.എസ് (നീല)​ - 604 എന്നിങ്ങനെയാണ് മറ്റ് കാർഡുകൾ. സംസ്ഥാനത്താകെ 46,​789 റേഷൻ കാർഡുകളാണ് ഇത്തരത്തിൽ മാറ്റിയത്. 7,​381 കാർഡുകളുമായി തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയത്. ഇക്കാര്യത്തിൽ പത്താം സ്ഥാനത്താണ് ജില്ല. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്നവർക്ക് സ്വയംതിരിച്ചേൽപ്പിക്കാൻ അധികൃതർ സമയം അനുവദിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. റേഷൻ കടകൾ വഴിയും മറ്റും അനർഹരെ കണ്ടെത്താനുള്ള പരിശോധനകളുമായി മുന്നോട്ടുപോവുകയാണ് സിവിൽ സപ്ലൈസ് അധികൃതർ.

താലൂക്ക് പി.എച്ച്.എച്ച് എ.എ.വൈ എൻ.പി.എസ് ഏറനാട് : 294 - 12 - 2 നിലമ്പൂർ : 418 - 54 - 1 പെരിന്തൽമണ്ണ: 321 - 10 - 590 തിരൂർ : 17 - 1 - 0 തിരൂരങ്ങാടി: 344 - 51 - 2 പൊന്നാനി: 103 - 5 - 9 കൊണ്ടോട്ടി: 99 - 3 - 0 ആകെ : 1,596 - 136 - 604

ജില്ലയിൽ ആകെയുള്ള റേഷൻ കാർഡുകൾ: 9,​96,​916

എ.എ.വൈ : 51,​713

പി.എച്ച്.എച്ച് (ചുവപ്പ് )​: 38,​7370

എൻ.പി.എസ് ( നീല)​ : ,​3,​09,​922

എൻ.പി.എൻ ( വെള്ള)​ : 2,​47,​742