ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ലേയിൽ അനാവരണം ചെയ്തു
Monday 04 October 2021 2:40 AM IST
ലേ: ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച രാവിലെ ലഡാക്കിൽ ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാത്തൂർ അനാവരണം ചെയ്തു.
സൈന്യത്തിന്റെ 57 എൻജിനിയർ റെജിമെന്റ് തയ്യാറാക്കിയ പതാകയ്ക്ക് 225 അടി നീളവും 150 അടി വീതിയും1000 കിലോയോളം ഭാരവുമുണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മിഷനാണ് പതാക നിർമ്മിച്ചത്. ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയും ചടങ്ങിൽ പങ്കെടുത്തു.
പതാക ഇന്ത്യൻ സൈന്യത്തിന്റെ 57 എൻജിനിയർ റെജിമെന്റിലെ 150 സൈനികർ ചേർന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിൻ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. സൈന്യം കുന്നിൻ മുകളിലെത്താൻ രണ്ട് മണിക്കൂറെടുത്തു.