'നിങ്ങൾ വാക്‌സിന് പണം നൽകിയില്ല,​ അതിന്റെ ചെലവ് കണ്ടെത്താനാണ് ഇന്ധനവിലവർദ്ധന' ന്യായീകരണവുമായി കേന്ദ്രമന്ത്രി; പെട്രോളിന് മിനറൽ വാട്ടറിനെക്കാൾ വിലക്കുറവെന്നും വാദം

Tuesday 12 October 2021 12:22 AM IST

ഗുവാഹത്തി: കേരളമുൾപ്പടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും വില നൂറ് രൂപയിലധികമായി. വില കൂടുന്നതല്ലാതെ കുറയ്‌ക്കാൻ സർക്കാരുകൾ വേണ്ടത്ര ശുഷ്‌കാന്തി പുല‌ർത്തുന്നുമില്ല. ഇതിനിടെ വർദ്ധിക്കുന്ന പെട്രോൾ-ഡീസൽ വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി. വാക്‌സിൻ സൗജന്യമായി നൽകിയതിനെ ഇന്ധനവില വർദ്ധനയുമായി ചേർത്ത് ന്യായീകരിച്ച മന്ത്രി ഒരു കുപ്പി മിനറൽ വാട്ടറിനെക്കാൾ വിലക്കുറവാണ് പെട്രോളിനെന്ന വിചിത്ര വാദവും ഉന്നയിച്ചു.

പെട്രോളിയം ഉൽപന്നങ്ങൾക്ക് വലിയ നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പണത്തിലൂടെയാണ് ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുന്നതെന്നും രാമേശ്വർ തേലി ന്യായീകരിച്ചു. ആസാമിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഏറ്റവും കുറവ് വാറ്റ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ആസാമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ശേഖരിക്കുന്ന നികുതിയിൽ നിന്നാണ് സൗജന്യ വാക്‌സിന് പണം കണ്ടെത്തുന്നത്. 'ഇന്ധനവില അത്ര ഉയർന്നതല്ല. അതിൽ നികുതിയും ഉൾപ്പെടും. നിങ്ങളെല്ലാം സൗജന്യ വാ‌ക്‌സിനെടുത്തിരിക്കും.അതിന് പണം നൽകിയിട്ടുമുണ്ടാകില്ല.ഇങ്ങനെയാണ് അതിനുള‌ള പണം ശേഖരിക്കുന്നത്.' മന്ത്രി പറഞ്ഞു. ഏറ്റവുമധികം പെട്രോളിന് വാറ്റ് പിരിക്കുന്നത് രാജസ്ഥാനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ വിലകുറച്ചാലും സംസ്ഥാനം കുറക്കില്ലെന്നും രാമേശ്വർ തേലി പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ പെട്രോൾ-ഡീസൽ വില രാജ്യത്ത് ഉയർന്നുതന്നെ നിൽക്കുകയാണ്.

Advertisement
Advertisement