തൊടിയൂരിൽ 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Tuesday 16 November 2021 12:42 AM IST
തൊടിയൂർ നോർത്തിൽ വെള്ളക്കെട്ടിലായ വീട്

തൊടിയൂർ: മഴയുടെ അളവ് കുറഞ്ഞെങ്കിലും പള്ളിക്കലാർ കരകവിഞ്ഞൊഴുകുന്നതിനാൽ ആറ്റുതീരത്തെ താമസക്കാരുൾപ്പടെ 71 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. ആടുമാടുകളുൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ പാർപ്പിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. തൊടിയൂർ നോർത്ത് ചേലക്കോട്ടുകുളങ്ങര ഗവ. എൽ.പി.എസിലെ ക്യാമ്പിൽ 16 കുടുംബങ്ങളെയാണ് പാർപ്പിച്ചിരിക്കുന്നത്. കല്ലേലിഭാഗം 18-ാം വാർഡിലെ കരയനാത്തിൽഭാഗം, 19-ാം വാർഡിലെ ചാമ്പക്കടവ്, 20-ാം വാർഡിലെ ശംഭുവള്ളി ഭാഗം എന്നിവിടങ്ങളിലെ 46 കുംബങ്ങളിൽ നിന്നുള്ള 146 പേരെയാണ് കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐയിലെ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. 21-ാം വാർഡിലെ 9 കുടുംബങ്ങളെ കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്ക്കൂളിലേക്ക് മാറ്റി. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ക്യാമ്പ് തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സി.ആർ. മഹേഷ് എം.എൽ.എ സന്ധ്യയോടെ ക്യാമ്പുകളിൽ സന്ദർശനം നടത്തി. തഹസിൽദാർ ഷിബു,
ഡെപ്യൂട്ടി തഹസിൽദാർ ഡാനിയൽ, തൊടിയൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ, കല്ലേലിഭാഗം വില്ലേജ് ഓഫീസർ ആർ.ബാബു, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ,​ കെ. ധർമ്മദാസ്,​ മോഹനൻ, ജഗദമ്മ, ഉഷ, പഞ്ചായത്ത് സെക്രട്ടറി ബി.ആർ. ബിന്ദു തുടങ്ങിയവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

Advertisement
Advertisement