ഇന്ത്യൻ ട്രേഡ്ഫെയർ ഫൗണ്ടേഷൻ സ്ഥാപകൻ എൻ. ഗോപകുമാർ നിര്യാതനായി

Sunday 21 November 2021 11:46 PM IST

കൊച്ചി: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കേരളത്തിലെ ആദ്യകാല മിമിക്രി കലാകാരനും ഇൻഡോർ ട്രേഡ്ഫെയറുകളുടെ സംഘാടകനുമായ വളഞ്ഞമ്പലം ആശാൻസിൽ എൻ. ഗോപകുമാർ (73) നിര്യാതനായി. ഹൈക്കോടതി അഭിഭാഷകനായിരുന്ന പരേതനായ എ.എസ്. നാരായണൻ ആശാന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും (തങ്കം) മകനാണ്. കല്ലൂർക്കാട് ബി.എസ്.എൻ.എല്ലിൽ സീനിയർ എൻജിനിയറായിരുന്ന ഷീലയാണു ഭാര്യ. ദ മിന്റിൽ സീനിയർ മാദ്ധ്യമ പ്രവർത്തകയായ ഗോപിക ഗോപകുമാർ ഏക മകളാണ്. സംസ്കാരം ഇന്ന്.

സ്റ്റാലിയൻസ് ഇന്റർനാഷണൽ യുവജന സംഘടനയുടെയും ഇന്ത്യൻ ട്രേഡ്ഫെയർ ഫൗണ്ടേഷന്റെയും സ്ഥാപകനും കേരളത്തിൽ ആധുനിക പ്രദർശന വിപണനമേള ആദ്യം അവതരിപ്പിച്ച സംരംഭകനുമായിരുന്നു ഗോപകുമാർ. സ്റ്റാലിയൻസ് കലാമേളയിലൂടെ പിൽക്കാലത്ത് താരങ്ങളായവരടക്കം ഒട്ടേറെ പ്രതിഭകളെ പരിചയപ്പെടുത്തി. എഴുപതുകളിൽ സൈനുദ്ദീനുമായി ചേർന്ന് മൂന്നു മുട്ടകൾ എന്ന മിമിക്സ് ഗ്രൂപ്പ് സ്ഥാപിച്ച് കേരളത്തിലങ്ങോളമിങ്ങോളം പരിപാടികളവതരിപ്പിച്ചു. ഇവന്റ് മാനേജ്മെന്റിൽ കോഴ്സുകളും നടത്തി വന്നിരുന്നു.

Advertisement
Advertisement