നാടുവിടാൻ പ്രിയം ട്രെയിൻ

Sunday 28 November 2021 12:36 AM IST

കൊച്ചി: ഒളിച്ചോടുന്ന കുട്ടികളിൽ ഏറെപ്പേരും യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ട്രെയിൻ. യാത്രയ്ക്കിടെ പിടിയിലായി സംസ്ഥാനത്തെ നാല് റെയിൽവേ ചൈൽഡ് ലൈനുകളിൽ 2018 മുതൽ ഇതുവരെ ലഭിച്ചത് 2,714 കുട്ടികളെ. ആറിനും 18നുമിടയിൽ പ്രായമുള്ളവരാണ് എല്ലാവരും. കുടുംബപ്രശ്നങ്ങൾ, ദാരിദ്ര്യം, ലഹരി, കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ട കുട്ടികളാണ് വീടുപേക്ഷിച്ച് ഇറങ്ങുന്നതിലേറെയും.
പരിശോധനകൾ കുറവാണെന്നും പണം കൊടുക്കാതെ പോകാമെന്നുമുള്ള ധാരണയാണ് ട്രെയിനിൽ കയറാൻ പ്രേരിപ്പിക്കുന്നത്. ട്രെയിനിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും പിടികൂടുന്ന കുട്ടികളെ റെയിൽവേ ചൈൽഡ് ലൈനിന് കൈമാറും. അവർ കുട്ടികൾക്ക് കൗൺസലിംഗ് നൽകി ജില്ലാ ശിശുക്ഷേമ സമിതിയെ (സി.ഡബ്ല്യു.സി) ഏല്പിക്കും. അവിടെ നിന്ന് രക്ഷിതാക്കൾക്കൊപ്പം അയയ്ക്കും. ആരും എത്താത്തവരെ അഭയകേന്ദ്രങ്ങളിലാക്കും. റെയിൽവേ ചൈൽഡ് ലൈനുകൾ ഇല്ലാത്ത ജില്ലകളിൽ കുട്ടികളെ ജില്ലാ ചൈൽഡ് ലൈനിനോ സി.ഡബ്ല്യു.സികൾക്കോ കൈമാറും.

റെയിൽവേ ചൈൽഡ് ലൈനുകളിൽ ലഭിക്കുന്ന കുട്ടികളിൽ പകുതിയിലേറെ അന്യസംസ്ഥാനക്കാരാണ്. നാലിടങ്ങളിലും കൊവിഡ് കാലത്ത് എത്തപ്പെട്ടതിലേറെയും അന്യസംസ്ഥാനക്കാർ.

കണ്ടെത്തിയവർ

(ജില്ല, ആകെ, 2021ൽ, കൊവിഡ് കാലത്ത് 2021ഏപ്രിൽ മുതൽ എന്ന ക്രമത്തിൽ)

 തിരുവനന്തപുരം- 847, 73, 20
 എറണാകുളം- 510, 58, 49
 തൃശൂർ- 521, 41, 35
 കോഴിക്കോട്- 836, 78, 47

റെയിൽവേ ചൈൽഡ് ലൈനുകൾ
 2018ൽ സ്ഥാപിതം
 സംസ്ഥാനത്ത് ആകെ നാല്
 12 വീതം ജീവനക്കാർ
(കോ ഓർഡിനേറ്റർ, കൗൺസിലർ, ടീം അംഗങ്ങൾ- 7, വോളണ്ടിയർ- 3)


നാടുവിടാൻ കാരണം

  • കുടുംബ പ്രശ്‌നം
  • രക്ഷിതാക്കളോട് വഴക്ക്
  • ലൈംഗിക പീഡനം
  • തട്ടിക്കൊണ്ടുപോകൽ
  • ബാലവേല
  • പരീക്ഷാ തോൽവി
  • മാനസിക പിരിമുറുക്കം

റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ റെയിൽവേ ചൈൽഡ് ലൈനുകൾക്ക് നിർണായക പങ്കുണ്ട്. നാടുവിട്ടെത്തുന്ന കുട്ടികൾ വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ഷാനോ ജോസ്

കോ ഓർഡിനേറ്റർ
റെയിൽവേ ചൈൽഡ് ലൈൻ
കൊച്ചി

Advertisement
Advertisement