വി.എസ്. ചന്ദ്രശേഖരൻ കെ.പി.സി.സി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാൻ

Thursday 09 December 2021 2:56 AM IST

തിരുവനന്തപുരം: പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാനായുള്ള നിയമനം മരവിപ്പിച്ചതോടെ പദവിയില്ലാതായ അഡ്വ.വി.എസ്. ചന്ദ്രശേഖരനെ, കെ.പി.സി.സി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ഇന്നലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് നിയമനം പ്രഖ്യാപിച്ചത്.

രണ്ടാഴ്ച മുമ്പാണ് ചന്ദ്രശേഖരനെ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാനായി നിയമിച്ചുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറിയിപ്പ് വന്നത്. പിന്നാലെ, പ്രൊഫഷണൽ കോൺഗ്രസ് ദേശീയ ചെയർമാനായ ശശി തരൂർ രംഗത്തെത്തി. ദേശീയ നേതൃത്വമറിയാതെ നിയമനം നടത്തിയതിലും, നിലവിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാനായി ഡോ.എസ്.എസ്. ലാൽ തുടരുന്ന സാഹചര്യത്തിലുമാണ് തരൂർ സുധാകരനെ വിളിച്ച് പ്രതിഷേധമറിയിച്ചത്. കഴക്കൂട്ടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഡോ.ലാൽ.

പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ കെ.പി.സി.സി പ്രസിഡന്റിന് നേരിട്ട് നിയമിക്കാൻ അധികാരമില്ലെന്നായിരുന്നു വാദം. തുടർന്ന് ചന്ദ്രശേഖരന്റെ നിയമനം സുധാകരൻ റദ്ദാക്കി.

കെ.പി.സി.സി ലീഗൽ എയ്ഡ് കമ്മിറ്റി പുതുതായി രൂപീകരിച്ചതാണ്. കേരളത്തിലെ കോൺഗ്രസ് സംഘടനയുടെയും പ്രവർത്തകരുടെയും കേസുകൾ ഈ കമ്മിറ്റി വഴിയാകും കൈകാര്യം ചെയ്യുക. ജില്ലാ, യൂണിറ്റ് തലങ്ങളിലും ഇതിന്റെ കമ്മിറ്റികൾ വരും.

Advertisement
Advertisement