പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കും : കെ.പി ഉദയഭാനു

Saturday 01 January 2022 12:59 AM IST

പത്തനംതിട്ട: പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിച്ച് പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് മൂന്നാംതവണയും സി. പി. എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. പി ഉദയഭാനു പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ അനൈക്യത്തിന് അറുതിവരുത്തും. ജില്ലയിലെ എം.എൽ.എമാരെ കൂട്ടിയിണക്കി സമഗ്ര വികസനത്തിന് ശ്രമിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞത് വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കിയതിനാലാണ്. പ്രവാസികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കും. പ്രവാസികളുടെ കൂടി സഹകരണത്തോടെ സഹകരണ മേഖല ശക്തിപ്പെടുത്തും. നിഷേപ സമാഹരണം നടത്തി കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികൾ വിഭാവനം ചെയ്യും. ജില്ലയിൽ ഒറ്റപ്പെട്ട ചില സഹകരണ സംഘങ്ങളിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കും. സഹകരണമേഖലയിലെ വിശ്വാസം വീണ്ടെടുത്ത് പഴുതടച്ച സംവിധാനമുണ്ടാകും. പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തും. പത്തനംതിട്ടയെ സമ്പൂർണ പാലിയേറ്റീവ് ജില്ലയാക്കി മാറ്റും.

സിൽവർ ലൈൻ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ്. 50 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് നാടിന് വേണ്ടത്.

വന്യമൃഗശല്യത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ കർഷക സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം , സെക്രട്ടറി ബിജു കുര്യൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement