ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളെ രാഷ്ട്രീയമായി മുതലെടുത്തുവെന്ന് ആക്ഷേപം, സോഷ്യൽ മീഡിയയിൽ പോര് മുറുകുന്നു
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായി നടപ്പിലാക്കിയതാണ് തങ്ങൾ എതിർത്തതെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു. സ്ത്രീ പ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്നാണ് സംഘത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം ഒരു കമന്റിൽ കുറിച്ചു. ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികളുടെ വികാരം മുതലെടുത്ത് ചിലർ രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങൾക്കിടയിലാണ് ആർ.വി.ബാബുവിന്റെ ആരോപണവും രംഗത്തെത്തിയത്.
അതേസമയം, ശബരിമല വിഷയത്തിൽ ആർ.എസ്.എസിലെ ഒരു വിഭാഗവും റെഡി ടു വെയിറ്റ് ക്യാംപയിനുകാരും തമ്മിലുള്ള തർക്കം രൂക്ഷമായിട്ടുണ്ട്. ആർ.എസ്.എസിലെ ഒരു വിഭാഗം ശബരിമലയിൽ ആചാര മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നവരാണെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമാണെന്നുമാണ് റെഡി ടു വെയിറ്റും ഇവർക്ക് പിന്തുണ നൽകുന്ന ആചാര സംരക്ഷണ വിഭാഗവും ആരോപിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ഇപ്പോൾ സമര രംഗത്തുള്ള ബി.ജെ.പി നേതാക്കൾ വരെ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാകാലത്തും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങളെന്ന് റെഡി ടു വെയിറ്റ് പ്രവർത്തകർ പറയുന്നു. വിധിക്ക് പിന്നാലെ വിഷയത്തിൽ ആർ.എസ്.എസ് ഇടപെട്ടതോടെ ശബരിമല പ്രക്ഷോഭത്തിന് ഏകീകൃത സ്വഭാവം കൈവന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും എതിർക്കുന്നതിനും തിരഞ്ഞെടുപ്പിൽ വോട്ട് തേടുന്നതിനും വേണ്ടി മാത്രമുള്ള വിഷയമാക്കി ഇതിനെ മാറ്റിയെന്നാണ് ഇവരുടെ ആക്ഷേപം. ആചാരങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ ശബരിമലയിൽ യുവതീ പ്രവേശനമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.