വൈദ്യുതിയിലും കേരളം സ്മാർട്ടാകുന്നു

Monday 28 March 2022 10:58 PM IST

37.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇക്കൊല്ലം സ്മാർട്ട് മീറ്റർ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം 2025ൽ പൂർണമായി സ്മാർട്ടാകും. അടിസ്ഥാന സൗകര്യങ്ങളും ബില്ലിംഗ് സമ്പ്രദായവും ഉൾപ്പെടെ സമൂലമായി അഴിച്ചുപണിയുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രാംഗീകാരമായി. വിതരണസംവിധാനം നവീകരിക്കാൻ ഇക്കൊല്ലം സംസ്ഥാനത്ത് 10475.03 കോടിരൂപയാണ് ചെലവഴിക്കുക.

രാജ്യത്തെ വൈദ്യുതിവിതരണസംവിധാനം മൊത്തത്തിൽ അഴിച്ചുപണിയാൻ റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം എന്ന പേരിൽ മൂന്നു ലക്ഷം കോടിരൂപയാണ് കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ കേരളം ഇടം നേടിയതിനാൽ ഇൗ വർഷം തന്നെ പദ്ധതി നടപ്പിലാക്കിത്തുടങ്ങാൻ സാധിക്കും.

അഞ്ചുവർഷത്തെ പദ്ധതിയിൽ ആദ്യം അംഗമായതു വഴി 2025ൽ തന്നെ പദ്ധതി പൂർത്തിയാക്കാനും കഴിയും.

37.5ലക്ഷം ഉപഭോക്താക്കൾക്ക് ഇൗ വർഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കും. പ്രതിമാസം 200യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും ഇൗ വർഷം നൽകുക. മീറ്റർ സ്ഥാപിക്കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കും. മീറ്ററിന്റെ വില വൈദ്യുതി ബില്ലിനൊപ്പം വിവിധ തവണകളായി ഉപഭോക്താവ് നൽകേണ്ടിവരും.
വിതരണസംവിധാനം പൂർണമായും കമ്പ്യൂട്ടർ വത്കരിക്കും. സംസ്ഥാന ഗ്രിഡിലേക്ക് വരുന്നതും വിതരണം ചെയ്യുന്നതുമായ വൈദ്യുതിക്ക് മുഴുവൻ കമ്പ്യൂട്ടർ മീറ്ററിംഗ് ഏർപ്പെടുത്തും. നെറ്റ് വർക്കും ഡിജിറ്റൽ നിയന്ത്രണത്തിലാക്കും. എനർജി ഒാഡിറ്റിംഗും നടപ്പാക്കും. ഇതിനായി 2235.38കോടിരൂപയാണ് കേന്ദ്രം നൽകുക. സംസ്ഥാന ഗ്രിഡിൽ വൈദ്യുതി പ്രസരണ വിതരണ നഷ്ടം 10 ശതമാനത്തിൽ താഴെ എത്തിക്കാനും യൂണിറ്റ് നഷ്ടം 30 പൈസയിൽ നിന്ന് പൂജ്യമാക്കി മാറ്റാനും കഴിയും.

തൃശ്ശൂർ,കൊല്ലം,കണ്ണൂർ എന്നിവിടങ്ങളിലെ വൈദ്യുതിവിതരണത്തിന് സൂപ്പർവൈസറി കൺട്രോൾ ഡാറ്റാ അക്വിസിഷൻ പ്രോഗ്രാം നടപ്പാക്കുന്നതാണ് പദ്ധതിയിൽ മറ്റൊന്ന്. വൈദ്യുതി വിതരണസംവിധാനത്തെ ഒരു കേന്ദ്രത്തിലിരുന്ന് പൂർണമായി നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ നേട്ടം.ഇതിനായി 65കോടിരൂപയും അനുവദിക്കും.

വൈദ്യുതി വേണ്ടാത്തപ്പോൾ മിനിമം ചാർജുമില്ല

മൊബൈൽ റീചാർജ്ജ് പോലെ ആവശ്യമുള്ള വൈദ്യുതിക്ക് മുൻകൂട്ടി പണമടച്ച് ഉപയോഗിക്കുന്ന സംവിധാനമാണ് വരുന്നത്. ആവശ്യമില്ലാത്ത സമയങ്ങളിൽ വൈദ്യുതിക്ക് ഫിക്സഡ് ചാർജ്ജോ, മിനിമം ബില്ലോ കൊടുക്കേണ്ടതില്ല. വീണ്ടും ഉപയോഗിക്കുമ്പോൾ റീകണക്ഷൻ ചാർജ്ജും വേണ്ട. വൈദ്യുതി ബിൽ സ്വയം നിയന്ത്രിക്കാമെന്നതാണ് നേട്ടം. പണം മുൻകൂർ കിട്ടുന്നത് കെ.എസ്.ഇ.ബി.ക്കും നേട്ടമാകും.ഇൗ വർഷം ഇതിനായി 8175.05കോടിരൂപയാണ് കേന്ദ്രം അനുവദിക്കുക.

റീചർജ്ജ് സംവിധാനം?

സ്മാർട്ട് മീറ്റർ റീചാർജ്ജ് ചെയ്യാൻ ഇന്റർനെറ്റ് പേയ്മെന്റ് സംവിധാനം, മൊബൈൽ പേയ്മന്റ് ആപ്പ്, ലോക്കൽ കൗണ്ടർ എന്നിവ ഉപയോഗിക്കാം. സ്മാർട്ട് മീറ്ററുകൾ വൈദ്യുതിസെക്‌ഷൻ ഒാഫീസിലെ കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കും. റീചാർജ്ജ് ചെയ്താൽ 15 മുതൽ 60 മിനിറ്റിനകം സ്മാർട്ട് മീറ്ററിൽ വൈദ്യുതി സപ്ളൈ തുടങ്ങും. ചാർജ്ജ് ചെയ്തിട്ടുണ്ടോ എന്നും എത്ര രൂപ മിച്ചമുണ്ടെന്നും അറിയാൻ മീറ്ററിനടുത്തുള്ള ബട്ടൺ അമർത്തുകയോ യൂസർ ഇന്റർഫെയ്സ് സ്ക്രീനിൽ നോക്കുകയോ ചെയ്താൽ മതി. ഇത് മൊബൈൽ ഫോണിൽ നോക്കാനും സംവിധാനമുണ്ടാവും.

നേട്ടം മൂന്നു തരം

1.വൈദ്യുതി നഷ്ടം കുറയ്ക്കാനും കെ.എസ്.ഇ.ബിയെ ലാഭത്തിലേക്ക് നയിക്കാനും കഴിയും

2.കേന്ദ്രപദ്ധതിയായതിനാൽ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ല

3.സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ 0.5ശതമാനം വർദ്ധനവ് കേന്ദ്രം അനുവദിക്കും

Advertisement
Advertisement