മീനച്ചൂടും, കാലിത്തീറ്റ വിലക്കയറ്റവും വെന്തുരുകി ക്ഷീര കർഷകർ

Sunday 03 April 2022 1:19 AM IST

കിളിമാനൂർ: വേനൽ കടുത്തതോടെ ഉല്പാദനക്കുറവും കാലിത്തീറ്റയുടെ വിലക്കയറ്റവും മൂലം നട്ടംതിരിഞ്ഞ് ക്ഷീര കർഷകർ. പാൽവില വർദ്ധിപ്പിച്ചാലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. പ്രതിസന്ധികാലത്ത് സർക്കാരും മിൽമയും താങ്ങാകുന്നില്ലെന്നും ക്ഷീരകർഷകർ കുറ്റപ്പെടുത്തുന്നു. ലാഭകരമല്ലെങ്കിൽ ക്ഷീരമേഖല തന്നെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഗുണമേന്മയില്ലാത്ത പാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് പാൽ വില കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് കർഷകർ പറയുന്നു.

കർഷകന് 38, വില്പന വില 48

സൊസൈറ്റിയിൽ 48 രൂപയ്ക്ക് പാൽ വിൽക്കുമ്പോഴും കർഷകന് കിട്ടുന്നത് 38 രൂപ മാത്രം. പാൽ ശേഖരിക്കുന്ന സൊസൈറ്റികളും വഞ്ചിക്കുകയാണെന്നാണ് ആരോപണം. വാങ്ങുന്ന പാലിന് ലിറ്ററിന് 32 മുതൽ 38 രൂപ വരെയാണ് കർഷകന് നൽകുന്നത്. ഉല്പാദനച്ചെലവിനുപോലും ഇത് തികയില്ല. പാൽ വില ഉയർത്തിയാലും ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

ഒരു ലിറ്റർ പാലിന് ക്ഷീര കർഷകന് ത്രിതല പഞ്ചായത്ത് തലത്തിൽ ലഭ്യമായിരുന 4 രൂപ സബ്സിഡി, തുടർന്ന് 3 രൂപയാകുകയും കഴിഞ്ഞ നവംബർ മുതൽ ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയുമാണ്

ഉല്പാദനം കുറഞ്ഞു

വേനലിൽ പച്ചപ്പുല്ല് ലഭിക്കാത്തതിനാൽ എല്ലാ വർഷവും പാൽ ഉല്പാദനത്തിൽ 20 ശതമാനം കുറവ് വരും. പശുക്കൾക്ക് ചൂട് താങ്ങാനാകാത്ത സഹചര്യവും പാൽ കുറയുന്നതിന് കാരണമാണ്. സൊസൈറ്റിയിൽ അളക്കുന്ന പാലിന് ലിറ്ററിന് വേനക്കാല ഇൻസെന്റീവായി നൽകുന്ന ഒരു രൂപ, നഷ്ടം നികത്താൻപോലും പര്യാപ്തമല്ലെന്നാണ് കർഷകർ പറയുന്നത്.

പിടിവിട്ട് കാലിത്തീറ്റ വില

ഒരു പശുവുള്ള കർഷകന് തീറ്റയ്ക്കു മാത്രമായി ഒരുമാസം 3500 രൂപയിലേറെ ചെലവഴിക്കണം. എന്നാൽ കാലിത്തീറ്റയുടെ വില ഉയർത്തുന്നത് തോന്നുംപടിയാണ്. വിലക്കയറ്റം തടയാൻ സർക്കാരിനും കഴിയുന്നില്ല. കർഷകർക്ക് നൽകുന്ന സബ്‌സിഡിയിൽ മാറ്റം വരുത്താൻ സർക്കാർ തയാറായിട്ടില്ല. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സംവിധാനങ്ങളില്ല.

Advertisement
Advertisement