മട്ടന്നൂരിന്റെ മേളപ്പെരുക്കത്തോടെ ഇന്ന് സഹകരണ എക്‌സ്‌പോയ്ക്ക് തിരിതെളിയും

Monday 18 April 2022 12:41 AM IST

കൊച്ചി: മറൈൻഡ്രൈവിൽ ഇന്ന് വൈകിട്ട് 5.30ന് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ മേളക്കൊഴുപ്പിൽ സഹകരണ എക്‌സ്‌പോയ്ക്ക് തിരിതെളിയും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സഹകരണ വകുപ്പാണ് വ്യാപാര- പ്രദർശനമേള സംഘടിപ്പിക്കുന്നത്.

വൈകിട്ട് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായിരിക്കും. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീലാ അബ്ദുള്ള നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇപ്ടയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും.

 കൂറ്റൻ പ്രദർശന നഗരി

മറൈൻ ഡ്രൈവിലെ 60,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനിൽ 210 പ്രദർശന സ്റ്റാളുകളുണ്ട്. ഫുഡ് കോർട്ടിൽ രുചി വൈവിദ്ധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ ഒമ്പതര മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം.

ഡിസ്കൗണ്ട് മേള

മേളയിൽ ഡിസ്‌കൗണ്ട് നിരക്കിൽ സഹകരണ സംഘങ്ങളുടെ ഉത്പ്പന്നങ്ങൾ ലഭ്യമാണ്. എല്ലാ ദിവസവും സെമിനാറുകൾ ഉണ്ട്. വൈകുന്നേരങ്ങളിൽ പ്രധാന വേദിയിൽ കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ കലാപ്രകടനങ്ങൾ അരങ്ങേറും. 25 ന് സമാപന സമ്മേളനത്തിൽ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസിയുടെ ലൈവ് ഷോയുമുണ്ടാകും.

Advertisement
Advertisement