സംഘർഷസാദ്ധ്യതാ മുന്നറിയിപ്പ് :  ആശങ്ക, ജാഗ്രത

Sunday 24 April 2022 11:33 PM IST

കണ്ണൂർ: പാലക്കാടിന് പുറകെ കണ്ണൂരിലും ആർ. എസ്. എസ് -എസ്.ഡി.പി. ഐ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ജാഗ്രത ശക്തമാക്കുന്നു. ജില്ലയിൽ ഇരുവിഭാഗത്തിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ സംഘടിതമായ രാത്രികാലകൂടിച്ചേരലുകളും ആയുധസംഭരണവും നടക്കുന്നുവെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്.

രണ്ടുവർഷംമുൻപ് കണ്ണവത്ത് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ മോഡലിലാണ് പിന്നീട് ആലപ്പുഴയിലും പാലക്കാടും അരങ്ങേറിയതെന്നും അതിന്റെ തുടർച്ചയെന്നോണം വീണ്ടും അക്രമം കണ്ണൂർ ജില്ലയിൽ നടക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ണൂർ റൂറൽ എസ്.പി ആഭ്യന്തരവകുപ്പിന് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ തലശേരിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.


കണ്ണവത്ത് സ്ഥിതി ശാന്തമല്ല.

പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ ബോംബുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.സോഷ്യൽമീഡിയയിലൂടെ വിദ്വേഷ പ്രചാരണം ചില ഗ്രൂപ്പുകൾ നടത്തുന്നുണ്ടെന്നും ഇതിനെ തടയാനായി ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിൽ പറയുന്നു.
കണ്ണവത്ത് ഒന്നാം കൊവിഡ് അടച്ചുപൂട്ടൽ കാലത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരങ്ങളിൽനിന്നും പോപ്പുലർ ഫണ്ട്ര് പ്രവർത്തകരിൽ നിന്നും ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് മറുവിഭാഗവും ഭീഷണിയുയർത്തുന്നുണ്ട്. 2018ലാണ് കണ്ണവത്ത് എ.ബി.വി.പി പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഇതോടെയാണ് ഈ മേഖല കൂടുതൽ അശാന്തിയിലായത്. നേരത്തെ ചിറ്റാരിപറമ്പ് ഇടുമ്പയിൽ ഗണപതിയോടൻ പവിത്രൻ, പ്രേമൻ എന്നീ സി.പി.എം പ്രവർത്തകരും രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഏറെ ശാന്തമായ ഈ മേഖല
2020ൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സലാഹുദ്ദീൻ വധിക്കപ്പെട്ടതോടെയാണ് വീണ്ടും കലുഷിതമായത്.

ഭീഷണിയുണ്ട്

സലാഹുദ്ദീൻ വധക്കേസിലെ പ്രതികളായ അശ്വിൻ, റിഷിൽ, അമൽരാജ് എന്നിവർക്ക് എസ്.ഡി.പി.ഐ. പ്രവർത്തകരിൽ നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ രീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥർക്കും അയച്ച റിപ്പോർട്ടിൽ ജില്ലയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച തലശേരിയിൽ ഉൾപ്പെടെയുള്ള സംഭവങ്ങളെ കുറിച്ചും വ്യക്തമായ റിപ്പോർട്ടുണ്ട്.

Advertisement
Advertisement