ലോക മുത്തശ്ശിയുടെ ഹെൽത്ത് സീക്രട്ട് ഇതാ....

Sunday 01 May 2022 2:09 AM IST

ബീജിംഗ് : ലോകത്തിലെ ഏ​റ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോഡിനുടമായിരുന്ന കെയ്ൻ തനക (119) ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് മരണമടഞ്ഞത്. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിലെ നഴ്സിംഗ് ഹോമിലായിരുന്നു തനകയുടെ അന്ത്യം. തനകയുടെ മരണത്തോടെ ലോകത്തിലെ ഏ​റ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡ് 118 വയസും 73 ദിവസവും പ്രായമുള്ള ഫ്രഞ്ച് കന്യാസ്ത്രീയായ ലൂസൈൽ റാൻഡൻ എന്ന സിസ്റ്റർ ആൻഡ്രെ സ്വന്തമാക്കി. 1904 ഫെബ്രുവരി 11ന് ജനിച്ച സിസ്റ്റർ ആൻഡ്രെ ആദ്യം ടീച്ചറായിരുന്നു. 1944ൽ രണ്ടാം ലോകമഹായുദ്ധ കാലത്താണ് ആൻഡ്രെ കന്യാസ്ത്രീയായത്. കഴിഞ്ഞ 12 വർഷമായി ഒരു റിട്ടയർമെന്റ് ഹോമിലാണ് ആൻഡ്രെയുടെ വാസം. കാഴ്ചയ്ക്ക് തകരാറുണ്ടെന്നത് ഒഴിച്ചാൽ ആൻഡ്രെയ്ക്ക് ഇപ്പോഴും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. തന്റെ ദീർഘായുസിന്റെ സീക്രട്ടും ആൻഡ്രെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നും രാവിലെ 7 മണിയ്ക്ക് ഉറക്കമുണരും ആൻഡ്രെ. പ്രഭാത ഭക്ഷണം മുടങ്ങാതെ കൃത്യമായി കഴിക്കും. ഇഷ്ടമുള്ളതെന്തും കഴിക്കുന്ന ആൻഡ്രെയ്ക്ക് അങ്ങനെ പ്രത്യേക ഡയറ്റിംഗ് രീതിയൊന്നുമില്ല. എന്നാൽ, ചില ഭക്ഷണ പദാർത്ഥങ്ങൾ ആൻഡ്രെയ്ക്ക് വളരെ ഇഷ്ടമാണ്. അത് ദിവസവും കഴിക്കുകയും ചെയ്യും. ചോക്ലേറ്റും വൈനുമാണത്. ദിവസവും ഒരു ഗ്ലാസ് വൈൻ പതിവാണ്. ആൻഡ്രെയ്ക്ക് നേരത്തെ കൊവിഡ് ബാധിച്ചെങ്കിലും മൂന്നാഴ്ചത്തെ പോരാട്ടത്തിനൊടുവിൽ വൈറസിനെ കീഴ്പ്പെടുത്തിയെന്ന് അധികൃതർ പറയുന്നു. സ്പാനിഷ് ഫ്ലൂ മഹാമാരിയും രണ്ട് ലോകയുദ്ധങ്ങളും കണ്ട വ്യക്തികൂടിയാണ് ആൻഡ്രെ.

Advertisement
Advertisement