അമലിനും സംഘത്തിനും ഇഷ്ടം അതിർത്തി കടന്നുള്ള മോഷണം , സംഘത്തിലുള്ളത് ഇരുപതോളം പേർ, രണ്ടുപേർ വീതം കവർച്ചക്കിറങ്ങുന്നത് ഒറ്റ വ്യവസ്ഥയിൽ

Monday 09 May 2022 9:25 AM IST

നാഗർകോവിൽ: കേരളത്തിൽ നിന്ന് പുലർച്ചെ അതിർത്തികടന്നെത്തി മാലമോഷ്ടിക്കുന്നത് പിടിയിലായ അമലിന്റെയും സംഘത്തിന്റെയും പതിവ് രീതിയാണ്. കന്യാകുമാരി പൊലീസിന്റെ നോട്ടപ്പുള്ളികളായ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ കവർച്ചയും തുടർന്നുള്ള അപകടവുമുണ്ടായത്.

ഒറ്റയ്ക്കും നടന്നും ഇരുചക്രവാഹനങ്ങളിലും പോകുന്ന സ്ത്രീകളുടെ മാല ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തി കവർന്ന് മണിക്കൂറിനുള്ളിൽ മടങ്ങുന്നതാണ് ഇവരുടെ രീതി. ഇരുപതോളം പേരുള്ള സംഘത്തിലെ കണ്ണികളാണ് ഇന്നലെ മോഷണത്തിന് ശേഷം അപകടത്തിൽ മരിച്ച സജാദും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമലുമെന്ന് തക്കല പൊലീസ് പറഞ്ഞു. രണ്ടുപേർ വീതമാണ് കവർച്ച നടത്തുന്നത്. ആരെങ്കിലും കവർച്ചയ്‌ക്കിടെ പിടിക്കപ്പെട്ടാൽ സംഘത്തിലെ മറ്റുള്ളവർ അവരെ ജാമ്യത്തിലിറക്കണമെന്നാണ് വ്യവസ്ഥ. ജാമ്യത്തിനും കേസ് നടത്താനുമുള്ള പണം കണ്ടെത്തുന്നതും കവർച്ചയിലൂടെയാണ്.

കഴിഞ്ഞ നവംബറിൽ അമലും സംഘവും നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ വച്ച് റോഡിലൂടെ നടന്നുപോയ വൃദ്ധയുടെ 10പവന്റെ മാല തട്ടിയെടുത്തിരുന്നു. സമാനമായ രീതിയിൽ മാർത്താണ്ഡം, നാഗർകോവിൽ, തക്കല എന്നീ സ്ഥലങ്ങളിൽ തുടർച്ചയായി പുലർച്ചെ മോഷണം നടത്തുന്നസംഘത്തെ പിടികൂടാൻ കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് തക്കല പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പ്രതികൾ തിരുവനന്തപുരം ശ്രീകാര്യത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതറിഞ്ഞ് തക്കല പൊലീസ് സ്ഥലത്തെത്തിയെങ്കലും സംഘം കോട്ടയത്തേക്ക് കടന്നിരുന്നു. പൊലീസ് കോട്ടയത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫലുമുണ്ടായില്ല. പ്രതികൾ ഒരിടത്ത് തുടർച്ചയായി താമസിക്കാതെ വാടക വീട് മാറുന്നതാണ് രീതി. ചികിത്സയിലുള്ള അമലിനെ തക്കല പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

Advertisement
Advertisement