പ്രവാസിയെ കൊന്നത് 1.2 കിലോ കള്ളക്കടത്ത് സ്വർണത്തിനായി

Wednesday 25 May 2022 1:23 AM IST

പെരിന്തൽമണ്ണ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി മ‌ർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആക്കപ്പറമ്പ് കാര്യമാട് മാറുകര വീട്ടിൽ യഹിയ മുഹമ്മദ് (35) അറസ്റ്റിൽ. അഗളി സ്വദേശി അബ്ദുൾ ജലീലാണ് (42) കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന യഹിയയെ ആക്കപ്പറമ്പിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണ്ണക്കടത്തുകാരനായ യഹിയയുടെ പങ്കാളികൾ നാട്ടിലേക്ക് ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.2 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായ ജലീലിന് സ്വർണവും നാട്ടിലേക്കുള്ള ടിക്കറ്റും തന്റെ പങ്കാളികൾ നൽകിയിരുന്നതായി യഹിയ പൊലീസിന് മൊഴി നൽകി. 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ ജലീൽ സ്വർണം കൈപ്പറ്റാനെത്തിയ യഹിയയോടും സംഘത്തോടും സ്വർണം നഷ്ടപ്പെട്ടതായി അറിയിച്ചു. ജലീലിനെ കാറിൽ കയറ്റിയ സംഘം ആദ്യം പെരിന്തൽമണ്ണ ജൂബിലിയിലെ ആൾത്താമസമില്ലാത്ത വീട്ടിലും പിന്നീട് ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബർതോട്ടത്തിലും മാനത്തുമംഗലത്തെ രഹസ്യകേന്ദ്രത്തിലും എത്തിച്ച് കെട്ടിയിട്ട് കേബിളും ജാക്കി ലിവറുമുപയോഗിച്ച് തുടർച്ചയായി മർദ്ദിച്ചു. അവശനായ ജലീലിനെ 19ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മൊബൈലും സിം കാർഡും ഒഴിവാക്കി യഹിയ മുങ്ങി. ഉണ്ണ്യാൽ, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ ആൾതാമസമില്ലാത്ത പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരും സഹായിച്ച അഞ്ചുപേരും നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ മാനത്തുമംഗലം, ആക്കപ്പറമ്പ് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി തെളിവെടുക്കും. മരിച്ച ജലീലിന്റെ ലഗ്ഗേജും മൊബൈൽ ഫോണുമടക്കമുള്ളവ കണ്ടെടുക്കേണ്ടതുണ്ട്. സ്വർണക്കടത്തിലെ യഹിയയുടെ പങ്കാളികളെയും പിടികൂടും. കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ അറിയിച്ചു.