പഴം, പച്ചക്കറിക്കടയ്‌ക്ക് ലൈസൻസിന് കൈക്കൂലി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

Wednesday 08 June 2022 6:57 AM IST

തിരുവനന്തപുരം: പഴം, പച്ചക്കറിക്കടയ്‌ക്ക് ലൈസൻന് നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ചെമ്പഴന്തി സ്വദേശി സി. ശ്രീകുമാരനെ വിജിലൻസ് അറസ്റ്റുചെയ്‌തു. തൈക്കാട് നിവാസിയായ ജോൺ വഴുതക്കാട് ജംഗ്ഷന് സമീപം തുടങ്ങിയ കടയ്‌ക്ക് ലൈസൻസിനുള്ള അപേക്ഷ നഗരസഭയിൽ നൽകിയിരുന്നു. പിന്നാലെ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ശ്രീകുമാരൻ ലൈസൻസ് ഇല്ലാത്തതിനാൽ നോട്ടീസ് നൽകി കട അടപ്പിക്കാൻ ശ്രമിച്ചു. ലൈസൻസിന് അപേക്ഷിച്ചതായി ജോൺ അറിയിച്ചെങ്കിലും അപേക്ഷ കാണുന്നില്ലെന്നും ഒരുവട്ടം കൂടി നൽകാനും ആവശ്യപ്പെട്ടു.

രണ്ടാമതും അപേക്ഷ നൽകിയതിനെത്തുടർന്ന് ശ്രീകുമാരൻ കഴിഞ്ഞ രണ്ടിന് കടയിലെത്തി പരിശോധന നടത്തി. നഗരസഭയിൽ 1000 രൂപ അടയ്‌ക്കണമെന്നും 2000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. അന്ന് പണം നൽകിയില്ല. പിന്നീട് ജോണിന്റെ ഭാര്യയുടെ ഫോണിൽ വിളിച്ച് പണം ശരിയായിട്ടുണ്ടോയെന്ന് ശ്രീകുമാരൻ ചോദിച്ചു. പണം ശരിയായിട്ടില്ലെന്ന് അറിയിച്ചപ്പോൾ ജോണിനോട് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ജോൺ ജഗതിയിലെ ഓഫീസിലെത്തി പണം നൽകാമെന്നറിയിച്ചപ്പോൾ അപേക്ഷയിൽ നടപടികൾ സ്വീകരിക്കുകയായിരുന്നു. കൈക്കൂലിയുമായി ഇന്നലെ ഓഫീസിലെത്താൻ നിർദ്ദേശിച്ച കാര്യം ജോൺ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ്കുമാറിനെ അറിയിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടിന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോണിന്റെ പക്കൽ നിന്ന് ശ്രീകുമാരൻ 2000 രൂപ കൈക്കൂലി വാങ്ങി. ജോൺ സങ്കടം പറഞ്ഞപ്പോൾ 1000 രൂപ തിരികെ നൽകുകയും ചെയ്‌തു. പിന്നാലെ വിജിലൻസ് സംഘമെത്തി ശ്രീകുമാരനിൽ നിന്ന് 1000 രൂപ പിടിച്ചെടുത്തശേഷം അറസ്റ്റുചെയ്‌തു. സി.ഐമാരായ ഷാജകുമാർ, സനൽകുമാർ, എസ്.ഐമാരായ സുരേഷ്‌കുമാർ, അജിത്ത്കുമാർ, ഷെഹിർഷ, എ.എസ്.ഐമാരായ അനിൽകുമാർ, മധു, പൊലീസുകാരായ ശ്യാംകുമാർ, പ്രേംദേവ്, ഹാഷിം, അരുൺ, അനീഷ്, രാജേഷ്, അശ്വിൻ എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement