മുതിർന്നവർക്ക് കരുതൽ വാക്‌സിനേഷൻ യജ്ഞം

Thursday 16 June 2022 1:19 AM IST

കോട്ടയം . അറുപതു വയസിന് മുകളിലുള്ളവരുടെ കരുതൽഡോസ് വാക്‌സിനേഷൻ 23 മുതൽ തീവ്രയജ്ഞം നടത്തും. ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും ചേർന്ന് ആശ, ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് 20 മുതൽ 22 വരെ ഭവന സർവേ നടത്തും. കരുതൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരെ കണ്ടെത്തി 23 മുതൽ 25 വരെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ജില്ലയിൽ കരുതൽ ഡോസ് എടുക്കുന്നതിൽ കനത്ത അലംഭാവം പുലർത്തുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ 40 ശതമാനം പേർ മാത്രമാണ് കരുതൽ വാക്സിനെടുത്തത്. 12 മുതൽ 14 വയസു വരെയുള്ള കുട്ടികളിൽ 75 ശതമാനം പേരും 15 മുതൽ 17 വരെയുള്ള കുട്ടികളിൽ 82 ശതമാനം പേരും 18 വയസിനു മുകളിലുള്ളവരിൽ മുഴുവൻ പേരും വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വാക്സിൻ എടുക്കേണ്ടവർ.

രണ്ടാംഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവർ കരുതൽ ഡോസ് സ്വീകരിക്കണം. മുതിർന്നവർക്കും, പ്രമേഹം, തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്കും കരുതൽ ഡോസ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി സ്വീകരിക്കാം. 60 വയസിന് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് അംഗീകൃത നിരക്കിൽ കരുതൽ ഡോസ് സ്വീകരിക്കാം.

കൊവിഡ് കുതിക്കുന്നു.

ജില്ലയിലും കൊവിഡ് കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുകയാണെന്ന് ഡി എം ഒ എൻ പ്രിയ പറഞ്ഞു. പ്രായമായവരെ കൂടാതെ മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരും കരുതൽ വാക്‌സിൻ എടുക്കണം. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരിൽ ഈ വിഭാഗങ്ങളിലുള്ളവർക്കാണ് ആശുപത്രി ചികിത്സയും ഐ സി യു പരിചരണവും ആവശ്യമായി വരുന്നത്. ഇതൊഴിവാക്കാൻ കരുതൽ ഡോസ് കൂടി സ്വീകരിക്കുന്നത് ഫലപ്രദമാണെന്ന് അവർ പറഞ്ഞു.

Advertisement
Advertisement