പുതിയ നീക്കവുമായി ഡെൽഹിവെറി, 'സെയിം ഡേ ഡെലിവെറി'ക്ക് തുടക്കം
മുംബയ്: ഒരു ദിവസത്തിനുള്ളിൽ തന്നെ ഡെലിവെറി സാദ്ധ്യമാക്കുന്ന പുത്തൻ നീക്കവുമായി ഇന്ത്യൻ ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിൻ കമ്പനിയായ ഡെൽഹിവെറി. കൺസ്യൂമർ ബ്രാൻഡുകൾക്ക് അതേ ദിവസം തന്നെ ഓർഡറുകൾ ഡെലിവറി ചെയ്യാൻ സഹായിക്കുന്ന 'സെയിം ഡേ ഡെലിവെറി' സേവനത്തിനാണ് കമ്പനി തുടക്കമിട്ടത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളിൽ ഈ സേവനം ആരംഭിച്ചതായി ഡെൽഹിവെറി അറിയിച്ചു. പുതിയ സേവനത്തിന് കീഴിൽ, ഉച്ചയ്ക്ക് മൂന്നു മണി വരെ ലഭിക്കുന്ന ഓർഡറുകൾ അതേ ദിവസം തന്നെ ഡെലിവറി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
ഇതിനായി 'ചലിക്കുന്ന' സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ പ്രവർത്തിക്കും. ഒരു ഉപഭോക്താവ് ബ്രാൻഡിന്റെ വെബ്സ്റ്റോറിൽ ഒരു ഓർഡർ നൽകുമ്പോൾ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ നഗരത്തിനുള്ളിലെ വെയർഹൗസുകളിൽനിന്ന് ഉത്പ്പന്നം കലക്ട് ചെയ്ത് അന്ന് തന്നെ വിതരണം ചെയ്യുന്നതാണ് 'സെയിം ഡേ ഡെലിവെറി'യുടെ പ്രവർത്തന രീതി. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ കമ്പനി 2011 ലാണ് പ്രവർത്തനമാരംഭിച്ചത്.