സ്വർണക്കടത്ത് കേസ്‌ : സത്യം പുറത്തുവരുമെന്ന് കേന്ദ്രമന്ത്രി ജയശങ്കർ

Monday 11 July 2022 12:02 AM IST

#കേന്ദ്രത്തിന് കൃത്യമായ ധാരണയുണ്ട്

തിരുവനന്തപുരം : കേരളത്തിലെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും,എല്ലാ കാര്യങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന് ധാരണയുണ്ടെന്നും കേന്ദ്രമന്ത്രി എസ്.ജയശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രോട്ടോക്കോൾ ലംഘനമുണ്ടായി, സർക്കാരായാലും ഡിപ്ലോമാറ്റുകളായാലും നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. അതിന് വിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. നിയമ വ്യവസ്ഥിതിയിലൂടെ സത്യം പുറത്തു വരും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. . മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ബി.ജെ.പി കേരളത്തിലും കൂടുതൽ കരുത്താർജ്ജിക്കും.. നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ എട്ടു വർഷമായി രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ എത്രമാത്രം ഫലപ്രദമായെന്ന് മനസിലാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. നിരവധി പ്രതിസന്ധികളെയാണ് നരേന്ദ്രമോദി സർക്കാരിന് നേരിടേണ്ടിവന്നത്. കൊവിഡ് അതിജീവനം ശ്രമകരമായിരുന്നു. രാജ്യത്തിനുള്ളിലെന്നത് പോലെ അയൽ രാജ്യങ്ങളെയും ആപൽഘട്ടത്തിൽ പരമാവധി സഹായിക്കാൻ ഇന്ത്യ ശ്രമിച്ചു. സ്‌പാനിഷ് ഫ്ലൂ കാലത്ത് നിരവധി പേർ പട്ടിണി കിടന്ന് മരിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ കൊവിഡ് കാലത്ത് രാജ്യത്ത് അത്തരം സംഭങ്ങളുണ്ടായില്ല. ഓരോ കാബിനെറ്റ് യോഗത്തിലും പ്രധാനമന്ത്രി ഭക്ഷ്യസാധനങ്ങളുടെ ലഭ്യത പ്രത്യേകം വിലയിരുത്തി. ഓരോ സംസ്ഥാനത്തിനും ആവശ്യമായതെല്ലാം ലഭ്യമാക്കി. .ഇന്ത്യ വാക്‌സിൻ വികസിപ്പിച്ച് കൊവിഡിനെ ഫലപ്രദമായി ചെറുത്തു. വാക്‌സിൻ മൈത്രിയിലൂടെ മറ്റു രാജ്യങ്ങളെയും സഹായിച്ചു. റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ സാദ്ധ്യമായതെല്ലാം ചെയ്തെന്നും ജയശങ്കർ വ്യക്തമാക്കി.

ശ്രീലങ്കയിലെ പ്രശ്നങ്ങൾ

ഭീഷണിയല്ല

ശ്രീലങ്കയിൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങൾ ഇന്ത്യയ്ക്ക് ഒരുതരത്തിലും ഭീഷണയല്ല. ശ്രീലങ്കയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മരുന്നും മറ്റവശ്യസാധനങ്ങളും ഉൾപ്പെടെ 3.8 ബില്യൺ ഡോളറിന്റെ സഹായം നൽകി.

ബി.ജെ.പി വക്താവായിരുന്ന നൂപർ ശർമ്മയുടെ ഇസ്ലാമിക വിരുദ്ധ പരാമർശങ്ങളിൽ ബി.ജെ.പിയും കേന്ദ്രസർക്കാരും സ്വീകരിച്ച നിലപാട് മറ്റു രാജ്യങ്ങൾക്കും ബോദ്ധ്യപ്പെട്ടു.ഇക്കാര്യത്തിൽ ഇസ്ലാമിക രാജ്യങ്ങൾക്ക് ഉൾപ്പെടെ അതൃപ്തിയില്ലെന്നും ജയശങ്കർ പറഞ്ഞു.

Advertisement
Advertisement