രാമായണം ആപ്പിൽ കേൾക്കാം, വായിക്കാം

Sunday 17 July 2022 7:16 PM IST

തൃശൂർ: ഈ രാമായണമാസക്കാലത്ത് രാമായണം ശ്രുതിസുന്ദരമായി കേൾക്കാം, പാരായണം ചെയ്യാം...ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള ആറ് കാണ്ഡങ്ങളും തിരഞ്ഞെടുത്ത ചിത്രങ്ങളുമായി തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം മൊബൈൽ ആപ്പ് ഹിറ്റ്. മൂന്നുവർഷം മുമ്പ് രൂപം കൊടുത്ത ആപ്പ് ഡൗൺലോഡ് ചെയ്തവരും വായിച്ചവരും കേട്ടവരും ലക്ഷത്തിലേറെ...

പ്ളേ സ്റ്റോറിൽ രാമായണ പാരായണം എന്ന് ഇംഗ്ളീഷിൽ ടെെപ്പ് ചെയ്താൽ എഴുത്തച്ഛന്റെ ചിത്രമുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാം.16 ജി.ബി മാത്രം. കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ എം.സി.എ വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് 2019ൽ ഒരു വർഷം കൊണ്ട് ആപ്പ് തയ്യാറാക്കിയത്.

ടി.വിയിലും പ്രാെജക്ടർ വഴി സ്ക്രീനിലും പ്രദർശിപ്പിച്ചാൽ കൂടുതൽ പേർക്ക് പാരായണം കേൾക്കാം, വരികൾ വായിക്കാം. കുട്ടികളെയും യുവാക്കളെയും ഉദ്ദേശിച്ച് രാമായണത്തെ ദൃശ്യാനുഭവമാക്കാൻ രണ്ട് വ്യത്യസ്ത ശൈലിയുലുള്ള രാമായണ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. മേവാർ രാജാവായിരുന്ന ജഗത്സിംഗിന്റെ നിർദ്ദേശാനുസരണം 1648-53 കാലഘട്ടത്തിൽ തയ്യാറാക്കിയ മേവാർ രാമായണത്തിലെ ചിത്രങ്ങൾ ആലാപന ഭാഗത്തുണ്ട്. 1916 ൽ പ്രസിദ്ധീകരിച്ച ചിത്രരാമായണത്തിന് ഔന്ധ് നാട്ടുരാജ്യത്തിലെ രാജാവായിരുന്ന ബാലാസാഹിബ് പണ്ഡിറ്റ് പന്ത് വരച്ച ചിത്രങ്ങളുമുണ്ട്. അദ്ധ്യാത്മ രാമായണം ജ്യോതിബായ് പരിയാടത്ത് ആലപിച്ച്, 25 വീഡിയോകളിലായി റെക്കാഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതാണ് ആപ്പിലൂടെ ലഭ്യമാക്കിയത്.

സവിശേഷതകൾ:

  • പാരായണം കേൾക്കാൻ ഇന്റർനെറ്റ് വേണമെങ്കിലും വായിക്കാൻ വേണ്ട.
  • യാത്രാവേളകളിലും കാത്തിരിപ്പ് വേളകളിലും സഹായകരം
  • 103 പേജുള്ള തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രവുമുണ്ട്

'' ആധുനികകാലത്തിന് യോജിക്കുന്ന വിധം രാമായണപ്രചാരണത്തിന് ആപ്പ് ഒരുക്കിയത് വലിയൊരു വിഭാഗം ജനങ്ങൾ സ്വീകരിച്ചതിൽ സംതൃപ്തിയുണ്ട്. ''

ഡോ.വി.എൻ. കൃഷ്ണചന്ദ്രൻ

എം.സി.എ മുൻ വകുപ്പുമേധാവി

വിദ്യ എൻജിനിയറിംഗ് കോളേജ്, തലക്കോട്ടുകര

Advertisement
Advertisement