ഭർതൃഗൃഹത്തിൽ മരിച്ച യുവതിയുടെ മുഖത്ത് പാട്, ഭാര്യ സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നെന്ന് ഭർത്താവ്; പൊലീസ് കേസെടുത്തു
കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ അബ്ദുൾ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു യുവതിയുടെ മരണം.
അഞ്ച് മണിയോടെയാണ് ആമിനയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു. യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന ആമിന വിവിധ ആശുപത്രികളിൽ ചികിസ്ത തേടിയിരുന്നതായി അബ്ദുൾ ബാരി പൊലീസിനോട് പറഞ്ഞു. ആമിന സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നു. ശ്വാസ തടസമുണ്ടാകുമ്പോൾ കൃത്രിമശ്വാസോച്ഛാസം നൽകിയാണ് സാധാരണ നിലയിലേക്ക് കൊണ്ടുവരാറെന്നും യുവാവ് പറഞ്ഞു.