ഫ്ലാറ്റുകൾ ഇനി പൊലീസ് ദൃഷ്ടിയിൽ...

Saturday 20 August 2022 12:48 AM IST

തൃക്കാക്കര: കാക്കനാട്ടെയും സമീപ പ്രദേശങ്ങളിലെയും ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും ഇനി പൊലീസ് ദൃഷ്ടിയിലാകും. ഇവ വാടകക്കെടുത്ത് ദിവസ വാടകക്കും മറ്റും നൽകുന്ന സംഘങ്ങളാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് പൊലീസ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഫോട്ടോ ഷൂട്ടിനായി കൊച്ചിയിലെത്തിയ മോഡലിനെ കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റെസിഡൻസിയിൽ രണ്ടുദിവസം തടവിൽ പാർപ്പിച്ച് ഹോട്ടൽ ഉടമയുടെ നേതൃത്വത്തിൽ കൂട്ടമാനഭംഗം ചെയ്ത സംഭവം ഉണ്ടായി ആറുമാസം പിന്നിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചു.കാക്കനാട് ഇൻഫോപാർക്ക് സമീപത്തെ ചില ഫ്ളാറ്റുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഒയോ ഹോട്ടലുകളിലും ഫ്ളാറ്റുകളിൽ ഉൾപ്പടെ സി.സി ടി വി കാമറകൾ സ്ഥാപിച്ചിട്ടില്ല.

താമസക്കാരുടെയും വന്ന് പോകുന്നവരുടെയും വിവരങ്ങൾ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ പല സ്ഥലങ്ങളിലും അതൊന്നും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഫ്ലാറ്റുകൾ, ഒയോ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് പോക്സോ കേസുകൾ ഉൾപ്പടെ ആയിരക്കണക്കിന് കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്.ഇൻഫോപാർക്ക് പരിസരത്ത് ഉൾപ്പടെ ചില ഫ്‌ളാറ്റുകളിൽ ബാറിനെ വെല്ലുന്ന സംവിധാനവും,വെളളി,ശനി ദിവസങ്ങളിൽ ഡി.ജെ പാർട്ടികളും സംഘടിപ്പിക്കാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊലീസ് നൂറിലധികം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല.

Advertisement
Advertisement