ഹിജാബ്: സെപ്തംബർ 5 ന് വാദം കേൾക്കും ഇഷ്ടബെഞ്ച് തിരയേണ്ടെന്ന് സുപ്രീംകോടതി

Tuesday 30 August 2022 12:58 AM IST

ന്യൂഡൽഹി: കർണ്ണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരായ ഹർജി മാറ്റിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഹർജി അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് ആറ് തവണ പരാതിപ്പെട്ടവർ കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റിവയ്ക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാംശു ദുലിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താത്‌‌പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം (ഫോറം ഷോപ്പിംഗ്) അനുവദിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഹർജി രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം നിരസിച്ച സുപ്രീം കോടതി സെപ്തംബർ 5ന് വിശദ വാദം കേൾക്കാൻ തീരുമാനിച്ചു. കർണ്ണാടക സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണ്ണാടക സർക്കാർ നടപടി ശരിവച്ച് മാർച്ച് 15നാണ് കർണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഈ വിധിക്കെതിരെ വിദ്യാർത്ഥിനികൾ ആറ് മാസം മുമ്പാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യമുന്നയിച്ച് കർണ്ണാടക സർക്കാർ തടസ്സ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് പുറമെ മുസ്ലിം വ്യക്തിനിയമ ബോർഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങിയ സംഘടനകളും വ്യക്തികളും നൽകിയ 23 ഹർജികളിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിദ്യാർത്ഥിനികൾക്ക് പരീക്ഷയും അക്കാഡമിക് വർഷവും നഷ്ടമായപ്പോൾ പോലും പരിഗണിക്കാതിരുന്ന ഹർജി അടിയന്തരാവശ്യമില്ലാത്ത സമയത്ത് തിരക്കിട്ട് പരിഗണിക്കേണ്ടതില്ലെന്ന കുറിപ്പ് 20-ഓളം അഭിഭാഷകർ ചേർന്ന് കോടതി മുമ്പാകെ സമർപ്പിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹർജിക്കാരുടെ ഈ ആവശ്യം അറിയിച്ചത്. ഇതോടെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ക്ഷുഭിതനായി. കേസ് ഇനി നീട്ടുകയില്ലെന്നും സെപ്തംബർ 5ന് തന്നെ വാദം തുടങ്ങാനും നിർദ്ദേശിച്ചു.

ഹർജി പട്ടികയിൽപ്പെടുത്തിയ കാര്യം ഞായറാഴ്ച‌യാണ് അറിഞ്ഞതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർക്ക് തിങ്കളാഴ്ച എത്താനാകില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ മറുപടി നൽകി. കർണ്ണാടകയിൽ നിന്ന് രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിലെത്താമെന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ മറുപടി.

Advertisement
Advertisement